മയക്കുമരുന്ന് കേസുകളിൽ വൻ വർധന ;രണ്ട് കേസുകളിൽ ഉൾപ്പെട്ടവരെ നാട് കടത്താൻ അനുമതി തേടി പൊലീസ്
വടകര: റൂറൽ ജില്ലയിൽ മയക്കുമരുന്ന് കേസുകളിൽ വൻ വർധന വന്നതോടെ രണ്ട് കേസുകളിൽ ഉൾപ്പെട്ടവരെ നാട് കടത്താൻ പൊലീസ് അനുമതി തേടി.
മയക്കുമരുന്ന് കേസുകളിൽ 12 പേർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് റൂറൽ ജില്ല നാർകോട്ടിക് സെൽ സർക്കാറിെന്റ അനുമതി തേടിയത്. ഇതിൽ കേസിൽ ഉൾപ്പെട്ട രണ്ടുപേരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് നടപടികൾ തുടങ്ങിയതായി നാർകോട്ടിക് ഡിവൈ.എസ്.പി കെ.എസ്. ഷാജി പറഞ്ഞു.
രണ്ട് കേസുകളിൽ ഉൾപ്പെടുന്നവരെ ജില്ലക്ക് പുറത്തേക്ക് അയക്കുകയും റിമാൻഡ് പ്രതികളാണെങ്കിൽ ജയിലിനകത്തു തന്നെ കിടത്താൻ കാപ്പക്ക് സമാനമായ രീതിയിലുള്ള നടപടിയാണ് പൊലീസ് ലക്ഷ്യമിടുന്നത്.
റൂറൽ ജില്ലയിൽ മയക്കുമരുന്ന് കേസുകളിൽ ഗണ്യമായ വർധനയുണ്ടായ സാഹചര്യത്തിൽ നടപടികളും ബോധവത്കരണവും കർശനമായി നടപ്പാക്കും. 2018ൽ ലഹരിമരുന്ന് കേസുകൾ 95 ആണ് റിപ്പോർട്ട് ചെയ്തത്. 2022ൽ മാത്രം കേസുകളുടെ എണ്ണം 555ലെത്തിയിട്ടുണ്ട്. നാർകോട്ടിക് സെൽ മയക്കുമരുന്ന് സംഘങ്ങളെ വലയിലാക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.