വയോധികന്റെ തലയിൽ മരക്കഷ്ണം തുളച്ചു കയറി; കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ വിജയം

മുള മരം മുറിക്കുന്നതിനിടയിൽ നാല് മീറ്റർ ഉയരത്തിൽ നിന്ന് താഴെ വീണ മരക്കഷ്ണം വലതു കണ്ണിന്റെ മൂക്കിനടുത്തുള്ള ഭാഗത്തു കൂടി തലയിലേക്ക് തറച്ചു കയറുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അപകടം ഉണ്ടായത്. സിടി സ്കാൻ, സിടി ആൻജിയോഗ്രാം, എംആർഐ തുടങ്ങിയവ എടുത്തപ്പോൾ കണ്ണിന്റെ പോളയിലൂടെ തുളഞ്ഞു കയറിയ മരക്കഷ്ണം കണ്ണിന്റെ പുറകിലെ എല്ലു തുളച്ചു രണ്ടായി പിരിഞ്ഞ് കവേർണസ് സൈനസിനുള്ളിലേക്കും സ്ഫീനോയ്ഡ് സൈനസിനുള്ളിലേക്കും തുളച്ചു കയറിയ നിലയിലയിൽ കണ്ടെത്തി.

ഇന്റെർണൽ കരോട്ടിഡ് മഹാധമനിയെ 50 ശതമാനത്തിൽ അധികം ഞെരുക്കുകയും ചെയ്യുന്ന ഗുരുതരാവസ്ഥ ആയിരുന്നു. പരിശോധനകൾക്ക് ശേഷം ന്യൂറോസർജറി ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് ഡോ. പി വിജയന്റെ നേതൃത്വത്തിൽ അതിസങ്കീർണ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു. അതിവിദഗ്ധമായും സൂക്ഷ്മമായും നടത്തിയ ശസ്ത്രക്രിയയിലൂടെ 7cm x 2cm വലുപ്പമുള്ള മരക്കഷണം നീക്കം ചെയ്തു.

രോഗി സുഖം പ്രാപിച്ചു വരികയാണ്. ഡോ. പി വിജയൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. ജലീൽ, ഡോ. റെസ്‌വി, ഡോ. എബ്ബി, നേത്ര വിഭാഗം ഡോ. സിൽനി ചന്ദ്ര, ഡോ. രഞ്ജിനി, ഡോ. ജെയ്‌മി, അനസ്‌തേഷ്യ വിഭാഗം ഡോ. രാധ കെ ആർ, ഡോ. അനുഷ , ഡോ. അഞ്ജുഷ, ഡോ. ശരത്, സ്റ്റാഫ്‌ നേഴ്സ് അഞ്ജു എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.

Comments
error: Content is protected !!