മയക്കുമരുന്ന് വിൽപനക്കാരനായ വിദ്യാർഥി അറസ്റ്റിൽ
കോഴിക്കോട്: കോളജ് വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനിടെ 5.6 ഗ്രാം മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി വിദ്യാർഥി പിടിയിലായി. മാളിക്കടവ് മണൊടിയിൽ വീട്ടിൽ അമിത് (20) നെയാണ് കോഴിക്കോട് ആന്റി നർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ജില്ല ആന്റി നർകോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്), നാർകോട്ടിക്ക് ഷാഡോസും സബ് ഇൻസ്പെക്ടർ അരുണിന്റെ നേതൃത്വത്തിലുള്ള എലത്തൂർ പൊലീസും ചേർന്ന് പിടികൂടിയത്.
മരുന്ന് അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപനക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളും ഇയാളിൽനിന്ന് പിടിച്ചെടുത്തു. മാളിക്കടവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാൻ, സീനിയർ സി.പി.ഒ കെ. അഖിലേഷ്, അനീഷ് മൂസാൻവീട്, സി.പി.ഒ സുനോജ് കാരയിൽ, എം. ഷിനോജ്, പി.സി. സുഗേഷ്, പി. അജിത്, എൻ.കെ. ശ്രീശാന്ത്, എലത്തൂർ സ്റ്റേഷനിലെ എസ്.ഐമാരായ എസ്. പ്രകാശൻ ജയേഷ്, സി.പി.ഒ ബാബു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.