മരണപ്പെട്ടത് സി പി എം നേതാവ് ; അനുശോചന യോഗം കഴിഞ്ഞതോടെ പിടികിട്ടാപ്പുള്ളിയായ നക്സൽ നേതാവായി.

ഇടുക്കി: കഴിഞ്ഞ 54 വർഷമായി തങ്ങളോടൊപ്പം താമസിക്കുന്ന  സ്വാത്തികനായ ഒരു മനുഷ്യൻ, തന്റെ എൺപത്തി എട്ടാമത്തെ വയസ്സിൽ മരണപ്പെടുന്നു. ഒന്നാം തരം കർഷകനും സൗമന്യനും സി പി എം പ്രാദേശിക നേതാവുമായ അയാൾക്ക് നാട്ടുകാരും പാർട്ടി പ്രവർത്തരുമൊക്കെ ചേർന്ന് അർഹമായ വിധം അന്തിമോപചാരം അർപ്പിച്ച് മൃതദേഹം മറവു ചെയ്യുന്നു. തുടർന്ന് പരേതനോടുള്ള ബഹുമാനസൂചകമായി അനുശോചന യോഗം ചേരുന്നു. അവിടെ വായിച്ച അനുശോചന പ്രമേയം കേട്ട് ആളുകൾ അമ്പരക്കുന്നു. യഥാർത്ഥത്തിൽ ഇക്കണ്ട കാലമൊക്കെ തങ്ങളിലൊരാളായി തങ്ങളോടൊപ്പം ജീവിച്ച ആ പാവം കർഷകൻ തങ്ങളറിഞ്ഞ ഒരാളേയല്ല. അയാളുടെ ഊരും പേരുമൊന്നും തങ്ങൾ അറിയുന്നതല്ല. ഇദ്ദേഹം പോലീസ് ഇപ്പോഴും അന്വേഷിച്ചു നടക്കുന്ന, പിടികിട്ടാപ്പുള്ളിയായ, മഹാവിപ്ലവകാരിയായ ഒരാളാണ്. ഇക്കണ്ട കാലമത്രയും വേഷപ്രഛന്നനായി  തങ്ങൾക്കൊപ്പം കഴിയുകയായിരുന്നു എന്നും അപ്പോഴാണവർ ഒരു ഞെട്ടലോടെ അറിഞ്ഞത്.
നെടുങ്കണ്ടത്താണ് ഈ സംഭവം നടന്നത്.

അര നൂറ്റാണ്ടിലധികമായി തങ്ങളുടെ നാട്ടിലെത്തി ഒരു സാധാരണ കർഷകനായി ജീവിക്കുന്ന ‘മാവടി നിരപ്പേൽ എൻ എ തങ്കപ്പൻ, ആണ് വാർദ്ധക്യ സഹജമായ രോഗങ്ങളാൽ മരിച്ചത്. തുടർന്നു ചേർന്ന അനുശോചന യോഗത്തിൽ മുൻ നക്സലൈറ്റ് നേതാവ് കെ അജിതയുടെ അനുശോചന സന്ദേശം, സി പി എം പാറത്തോട് ലോക്കൽ സെകട്ടറി ജിജി വർഗ്ഗീസ് ഉച്ചഭാഷിണിയിൽ വായിക്കുകയായിരുന്നു.  അപ്പോഴാണ് മരണപ്പെട്ടത് തങ്കപ്പനല്ല; കേരളത്തിലെ ആദ്യത്തെ നക്സലൈറ്റ് ആക്രമണ കേസ്സുകളിലൊന്നായ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണ കേസ്സിൽ, കുന്നിക്കൻ നാരായണനോടും മന്ദാഗിനിയോടും മകൾ അജിതയോടുമൊപ്പം, പങ്കെടുത്ത തലയെടുപ്പുള്ള നക്സൽ നേതാവ് അള്ളുങ്കൽ ശ്രീധരനാണ് മരിച്ചയാൾ എന്ന് ലോകമറിയുന്നത്. അന്ന് ശ്രീധരനോടൊപ്പം സ്റ്റേഷനാക്രമണക്കേസ്സിൽ പ്രതിയായിരുന്ന സഖാവ് വർഗ്ഗീസിനെ തിരുനെല്ലി കാട്ടിൽ കണ്ണ് ചുഴുന്നെടുത്തും മറ്റും ഭീകരമായി പീഡിപ്പിച്ച് പോലീസ് വെടിവെച്ചു കൊന്ന സംഭവവുമൊക്കെ നക്സൽ ചരിത്രത്തിലെ ചോരക്ക് തീപിടിക്കുന്ന അധ്യായങ്ങളാണ്. കഴിഞ്ഞ അര നൂറ്റാണ്ടുകാലം പോലീസ് അള്ളുങ്കൽ ശ്രീധരനെ കേരളത്തിലും പുറത്തും അരിച്ചു പെറുക്കി പരിശോധിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല.

1968 നവമ്പർ 24 നാണ് പുൽപ്പള്ളി എം എസ് പി ക്യാമ്പ് ആക്രമണം നടക്കുന്നത്. തുടർന്ന് ഒളിവിൽ പോയ അജിതയേയും ശ്രീധരനേയുമൊക്കെ പോലീസ് പിടികൂടി ഭീകരമായി മർദ്ദിച്ചതായി സഖാവ് അജിത ഓർക്കുന്നുണ്ട്. 149 പേരായിരുന്നു ആ കേസ്സിൽ പ്രതിയാക്കപ്പെട്ടത്. പോലീസ് ക്യാമ്പുകളിലും ജയിലുകളിലും അതിഭീകരമായ മർദ്ദനത്തിനിരയായി. പിന്നീട് പരോളിലിറങ്ങി മുങ്ങിയതാണെന്നും അതല്ല ജയിൽ വിമോചിതനായ ശ്രീധരനെ മറ്റൊരു കേസ്സിൽ പ്രതിയാകുന്നതിനായി പോലീസ് പിന്തുടർന്നപ്പോൾ ഇടുക്കിയിലേക്ക് കടന്നുകളയുകയായിരുന്നു എന്നും പറയുന്നു. ഏതായാലും ശ്രീധരനെ പിടികൂടാൻ പോലീസ് എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല.

ഇടുക്കിയിൽ ശ്രീധരൻ പേരും നാടും രൂപവുമൊക്കെ മാറ്റി ദീർഘകാലം തോട്ടങ്ങളിൽ പണിയെടുത്തു. പിന്നീട് സ്വന്തമായി സ്ഥലം വാങ്ങി ഏലകൃഷി തുടങ്ങി. അപ്പോഴേക്കും ശ്രീധരൻ നിരപ്പേൽ തങ്കപ്പനായി മാറിയിരുന്നു. സി പി ഐ എമ്മുമായി അടുത്ത ശ്രീധരൻ പാർട്ടി അംഗവും പിന്നീട് ലോക്കൽക്കമ്മറ്റി അംഗവുമൊക്കെയായി. മരണാസന്നനായതോടെ പാർട്ടിയിലെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളോട് തന്റെ യാഥാർത്ഥ ജീവിതചിത്രം ശ്രീധരൻ വെളിപ്പെടുത്തുകയായിരുന്നു. എന്നാലത് കണിശമായ ഒരു നിബന്ധനയോടെ ആയിരുന്നു. തന്റെ മരണശേഷം മാത്രമേ ഇക്കാര്യങ്ങൾ പുറം ലോകമറിയാൻ പാടുള്ളൂ എന്നായിരുന്നു അത്. അതനുസരിച്ച് തന്നെ കാര്യങ്ങൾ നടന്നു. ശ്രീധരന്റെ ആഗ്രഹമനുസരിച്ച് മരണ വിവരം കോഴിക്കോട്ട് കെ അജിതയെ അറിയിച്ചു. യാത്രചെയ്യാനൊക്കെ വലിയ പ്രയാസത്തിൽ കഴിയുന്ന അജിത, ഒരു അനുശോചന സന്ദേശം തയാറാക്കി നെടുങ്കണ്ടത്തേക്ക് അയച്ചുകൊടുത്തു. അതാണ് അനുശോചന യോഗത്തിൽ വായിച്ചതും ജനം ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നതും. 

നിരപ്പേൽ തങ്കപ്പൻ എന്ന അള്ളുങ്കൽ ശ്രീധരൻ ഇടുക്കിയിൽ വെച്ച് വിവാഹം കഴിച്ചു. സുമതിയാണ് ഭാര്യ. അഭിലാഷ്, അനിത എന്നിങ്ങനെ രണ്ട് മക്കളും അദ്ദേഹത്തിനുണ്ട്. മരണാനന്തരച്ചടങ്ങുകൾ മതരഹിതമായി സംഘടിപ്പിക്കണമെന്ന അന്ത്യാഭിലാഷവും ശ്രീധരൻ അറിയിച്ചിരുന്നു. അതനുസരിച്ചാണ് ചടങ്ങുകളൊക്കെ സംഘടിപ്പിച്ചത്.

Comments

COMMENTS

error: Content is protected !!