മലപ്പുറം തുവ്വൂരില്‍ യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ മുഖ്യപ്രതി വിഷ്ണു, കൊലപാതകം മറയ്ക്കാനും അന്വേഷണം വഴിതെറ്റിക്കാനും ശ്രമം നടത്തിയെന്ന് പൊലീസ്. കൊല്ലപ്പെട്ട സുജിതയ്ക്ക് തൃശൂരിലുള്ള ഒരാളുമായി അടുപ്പമുണ്ടെന്നും, ഇയാള്‍ക്കൊപ്പം ബാംഗ്ലൂരിലേക്ക് ഒളിച്ചോടി പോയിയെന്നുമാണ് വിഷ്ണു പറഞ്ഞത്. ആക്ഷന്‍ കമ്മിറ്റി അംഗങ്ങളെയും വിഷ്ണു തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.
കൊലപാതകത്തിന് ശേഷവും കൂസലില്ലാതെയാണ് വിഷ്ണു നാട്ടില്‍ പെരുമാറിയിരുന്നത്. സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ വിഷ്ണു, ഇവരെയെല്ലാം ബന്ധപ്പെട്ട് പൊലീസ് എന്തൊക്കെയാണ് ചോദിച്ചതെന്ന് ആരാഞ്ഞിരുന്നു. കേസിന്റെ വിവരങ്ങൾ ഇടയ്ക്കിടെ പൊലീസിനോടും വിഷ്ണു ചോദിച്ചറിഞ്ഞു.
സുജിതയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെയും സജീവമായി ഇടപെട്ടു. കേസുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചപ്പോള്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. പിന്നീട് വിഷ്ണു സ്വര്‍ണം പണയം വെച്ചത് അറിഞ്ഞ പൊലീസ് അക്കാര്യം ചോദിച്ചപ്പോള്‍, സുജിതയ്ക്ക് തൃശൂരിലുള്ള ഒരാളുമായി പ്രണയമുണ്ടെന്നും അവര്‍ക്ക് നാടുവിടുന്നതിനായി സ്വര്‍ണം വില്‍ക്കാന്‍ ഏല്‍പ്പിച്ചതാണെന്നുമാണ് മറുപടി നല്‍കിയത്.
പിന്നീട് വിഷ്ണുവിന്റെ സഹോദരങ്ങളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തില്‍ വിഷ്ണുവിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് മൃതദേഹം എവിടെ ഒളിപ്പിച്ചു എന്നറിയാന്‍ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. വീടിനോടു ചേര്‍ന്ന് മെറ്റല്‍ കൂട്ടിയിട്ട സ്ഥലത്ത് മണ്ണു നനഞ്ഞിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട പൊലീസ് അവിടെ മണ്ണു മാറ്റി പരിശോധിച്ചതോടെയാണ് മൃതദേഹം കണ്ടെത്തുന്നത്.
വിഷ്ണു വിളിച്ചപ്പോള്‍ സുജിത വീടിന്റെ പിന്‍വശത്തെ വാതില്‍ വഴിയാണ് വീട്ടിനുള്ളിലെത്തിയത്. സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുക എന്നതിലുപരി, സുജിതയുായുള്ള ബന്ധം അവസാനിപ്പിക്കുക കൂടി കൃത്യത്തിന് പിന്നിലുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. പ്രതികള്‍ കളഞ്ഞ സുജിതയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനും പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.