DISTRICT NEWS
മലപ്പുറത്ത് അഞ്ചാം പനി പടർന്നു പിടിക്കുന്നു
മലപ്പുറം കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. ഇതിനോടകം നൂറോളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. വാക്സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്. 10 വയസ്സിൽ കൂടുതൽ ഉള്ള കുട്ടികൾക്കും രോഗം വരുന്നതായി കണ്ടുവരുന്നുണ്ട്. മിക്സോ വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി.
രോഗം ഉള്ളവർ മാസ്ക് ധരിക്കണമെന്നും വാക്സിൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
പനിയാണ് ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം.
Comments