മലബാർ കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യ;  ഉമ്മയുടെ ബാപ്പയെ അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: മലബാർ കോളെജ് രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനി പൊയിൽക്കാവ് പള്ളിക്കുനി റിഫ (19) ആത്മഹത്യ ചെയ്ത സംഭവം, പെൺകുട്ടിയുടെ ഉമ്മയുടെ ബാപ്പയെ പോലീസ് അറസ്റ്റ് ചെയ്തു. കാപ്പാട് മുകച്ചേരി ബറാക് ഹൗസ് അബൂബക്കറിനെ (62)യാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് റിഫ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. വിവരം അടുത്ത ബന്ധുക്കളെയും, അടുത്തുള്ളവരെയും അറിയിക്കാതെ, ഉമ്മയുടെ ബാപ്പയെ വിളിച്ചു വരുത്തുകയായിരുന്നെന്ന് ആക്ഷേപം ഉയർന്നിരുന്നു. വാതിൽ ചവിട്ടി തുറന്ന് റിഹാനയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം സംസ്കരിച്ചു. മരണത്തെ കുറിച്ച് കൊയിലാണ്ടി സി ഐ, എൻ സുനിൽകുമാർ അന്വേഷിച്ച സമയത്ത് ആത്മഹത്യാകുറിപ്പൊന്നും കണ്ട് കിട്ടിയിരുന്നില്ല. എന്നാൽ വിശദമായ അന്വേഷണത്തിൽ യഥാർത്ഥ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തുകയായിരുന്നു.

ആത്മഹത്യാ കുറിപ്പിൽ “ഉമ്മ ,വാപ്പി ഇന്നോട് പൊറുക്കണം. ഞാൻ ഇൻ്റെ ഭാഗത്തു നിന്നു വന്ന എല്ലാറ്റിനും ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ല ട്ടോ, അസ്സലാം മലൈക്കും, ഉമ്മ ഒരു കാര്യം കൂടി ഉമ്മാൻ്റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും, ഇഷ്ടമുള്ള ആള് , ഓരോട്, ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നും കുടി അറിയിക്കാനുണ്ട് എല്ലാം സഹിച്ച് ഇനി ആവുന്നില്ല അത് കൊണ്ടാണ് ഉമ്മ” എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നതെന്നാണ് പുറത്തുവന്ന വിവരം.

സംഭവത്തെ കുറിച്ച് റൂറൽ എസ് പി കറപ്പസാമിയുടെ നിർദ്ദേശപ്രകാരം ഡി വൈ എസ് പി ഹരിപ്രസാദ്, സി ഐ, സുനിൽകുമാർ, എസ് ഐ മാരായ എം എൻ അനൂപ്, ആർ അരവിന്ദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അബൂബക്കറിനെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പതിനാല് വയസ്സു മുതൽ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ്സെടുത്തത്. മരണത്തെത്തുടർന്ന് പലതരത്തിലുള്ള പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലും മറ്റും നടക്കുകയുണ്ടായി. പോലീസ് അവയെല്ലാം നിഷേധിച്ചിരുന്നു.

Comments
error: Content is protected !!