മലബാർ ദേവസ്വം ബോർഡ് ക്ലർക്ക്. പരീക്ഷ ആഗസ്ത് 29 ന്
മലബാർ ദേവസ്വം ബോർഡിലെ ക്ലർക്ക് തസ്തികയിലേയ്ക്ക് (നേരിട്ടുള്ള നിയമനം വഴിയും തസ്തികമാറ്റം വഴിയും) നിയമനത്തിന് അപേക്ഷ സമർപ്പിച്ചവർക്കായി (കാറ്റഗറി നമ്പർ: 41/20 & 42/20) എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ ആഗസ്റ്റ് 29ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒരു ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
പരീക്ഷയിൽ പങ്കെടുക്കുന്നവരിൽ കോവിഡ് ബാധിതരോ, ക്വാറന്റീനിൽ കഴിയുന്നവരോ കണ്ടെയിൻമെന്റ് സോണിൽ നിന്നുള്ളവരോ അന്യസംസ്ഥാനത്തു നിന്നോ വിദേശത്തു നിന്നോ വന്നവരോ ഉണ്ടെങ്കിൽ വിവരം പരീക്ഷയ്ക്ക് രണ്ടു ദിവസം മുൻപ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിലോ (kdrbtvm@gmail.com) ഫോണോ വഴി അറിയിക്കണം. കോവിഡ് പോസിറ്റീവായ ഉദ്യോഗാർഥികൾ പ്രത്യേക വാഹനത്തിൽ എത്തിയാലേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളൂ. ഇ-മെയിലിൽ ഉൾപ്പെടുത്തേണ്ട രേഖകൾ, കോവിഡ് പോസിറ്റീവ് ആയവർക്കുള്ള നിർദ്ദേശങ്ങൾ ഇവ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വെബ്‌സൈറ്റിൽ (www.kdrb.kerala.gov.in) ലഭ്യമാണ്.