മഴക്കെടുതി: ഒരാൾ മരിച്ചു; 30 വീടുകൾക്ക് ഭാഗികനാശം
കാലവർഷക്കെടുതിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിൽ ഒരു മരണവും 30 വീടുകൾക്ക് ഭാഗികനാശനഷ്ടവും റിപ്പോർട്ട് ചെയ്തതായി ജില്ലാ ദുരന്ത നിവാരണ സെൽ അറിയിച്ചു. താമരശ്ശേരി താലൂക്കിൽ തിരുവമ്പാടി വില്ലേജിലെ മരിയാപുരം ജോസഫ് എന്ന കുഞ്ഞുട്ടി (70 വയസ്സ്) യാണ് സ്രാമ്പിയിലെ തോട്ടിൽ വീണ് മരിച്ചത്. മൃതദേഹം കണ്ടെടുത്തു. തുടർനടപടികൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
24 വില്ലേജുകളിലായി 30 വീടുകളാണ് ഭാഗികമായി തകർന്നത്. ഫറോക്ക് വില്ലേജിലെ ജസീല പാണ്ടികശാലയുടെ വീടിനു മുകളിൽ തൊട്ടടുത്ത വീട്ടിലെ തെങ്ങു കടപുഴകി വീണതിനെ തുടർന്ന് ഭാഗികമായി തകർന്നു. പെരുമണ്ണ വില്ലേജിലെ ചെറുകയിൽ സുലോചനയുടെ വീടിനു മുകളിലും തെങ്ങ് കടപുഴകി വീണു. ചോറോട് വില്ലേജ് മുട്ടുങ്ങൽ കക്കാട്ട് പള്ളിക്ക് സമീപം വി.പി. അബ്ദുള്ളയുടെ പലചരക്കു കട ശക്തമായ കാറ്റിലും മഴയിലും പൂർണമായും തകർന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു തീരദേശ റോഡിൽ വീഴാൻ സാധ്യത ഉള്ളതിനാൽ റോഡിൽ കയറുകൊണ്ട് കെട്ടി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വളയം വില്ലേജിലെ തറോക്കണ്ടിയിൽ മാതുവിന്റെ വീടിന് മുകളിൽ തെങ്ങ് വീണു കേട്പാടുകൾ സംഭവിച്ചു. കൂത്താളിയിലെ എടക്കണ്ടി മലോൽ ഇബ്രായിയുടെ വീടിന് മുകളിൽ തേക്ക് മരം വീണ് വീട് ഭാഗികമായി തകർന്നു.
ചത്തോത്ത് മീത്തൽ കുഞ്ഞി മൊയ്‌തീന്റെ വീടിന് മുകളിൽ തേക്ക് മരം മുറിഞ്ഞു വീണു. മരം വീണ് കെ.എസ്.ഇ.ബി പോസ്റ്റും തകർന്നു. എലത്തൂർ വില്ലേജിലെ മൊകവൂരിൽ പെരിങ്ങിണി സുധാകരന്റെ വീടിന് തെങ്ങ് വീണ് ഭാഗികനാശനഷ്ടം സംഭവിച്ചു. കനത്ത മഴയിൽ ഫറോക്ക് ചന്തക്കടവ് കുഞ്ഞു വീട് പറമ്പിൽ ജമീലയുടെ വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞ് വീണു. കക്കാട് വില്ലേജിൽ ഒക്കല്ലെറി സുബൈദയുടെ വീടിന്റെ മേൽക്കൂര തകർന്നു. തേക്ക് മരം കെ.എസ്.ഇ.ബി ലൈനിനു മേൽ വീണ് സ്റ്റേ വയർ വലിഞ്ഞ് മാവൂർ പാലങ്ങാട് ദേശത്ത് ഉണിക്കുമരം വീട്ടിൽ ചന്ദ്രൻ നായരുടെ വീടിന് ഭാഗികനാശമുണ്ടായി. കക്കാട് വില്ലേജിൽ കരിമ്പനകണ്ടി കാരിക്കുട്ടിയുടെ വീടിനു മുകളിൽ അയൽവാസിയുടെ മുറ്റം ഇടിഞ്ഞു വീണ് അടുക്കള ഭാഗം തകർന്നു.