CRIMEDISTRICT NEWS
‘മഷ്റൂം ഗുളികയിൽ സയനൈഡ്; അലമാരയിൽ നിന്ന് അരിഷ്ടമെടുത്തു തന്നത് ഷാജു
കോഴിക്കോട് ∙ ‘ഈ ഭിത്തിയലമാരയിൽ നിന്നാണ് അരിഷ്ടമെടുത്ത് ഷാജു തന്നത്. ഞാനത് സിലിക്കു കൊടുത്തു’– മരുന്നിൽ സയനൈഡ് കലർത്തി സിലിയെ വധിക്കാൻ ശ്രമിച്ച സംഭവം കോടഞ്ചേരി പുലിക്കയത്തെ ഷാജു സഖറിയാസിന്റെ വീട്ടിൽ നടന്ന തെളിവെടുപ്പിൽ കൂടത്തായി കൊലക്കേസ് പ്രതി ജോളി വിവരിച്ചതിങ്ങനെ
വധത്തിൽ ഷാജുവിന് പങ്കുണ്ടെന്ന് ഇയാളുടെയും മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ തെളിവെടുപ്പിലും ജോളി ആവർത്തിച്ചു.
സിലി വധത്തിനായി മാസങ്ങളെടുത്തു നടത്തിയ ആസൂത്രണത്തിന്റെ വിവരങ്ങളാണ് ഇന്നലെ കോടഞ്ചേരിയിലും താമരശ്ശേരിയിലും കോഴിക്കോട് നഗരത്തിലുമായി നടത്തിയ തെളിവെടുപ്പിൽ അന്വേഷണ സംഘം ശേഖരിച്ചത്. അരിഷ്ടത്തിൽ സയനൈഡ് കലർത്തി നേരത്തേ 2 തവണ വധിക്കാൻ ശ്രമിച്ചതിലും പരാജയപ്പെട്ടപ്പോൾ അസുഖബാധിതയെന്നു പ്രചരിപ്പിച്ചതിലും ഷാജുവിന്റെ സഹായമുണ്ടായിരുന്നെന്ന് ജോളി മൊഴി നൽകിയിരുന്നു.
കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിന് എതിർവശത്തെ മെഡിക്കൽ ഷോപ്പിൽനിന്നാണ് സിലിക്കു നൽകാൻ മഷ്റൂം ഗുളിക വാങ്ങിയതെന്നും ജോളി അറിയിച്ചു. വിവരം ഉറപ്പാക്കാൻ ഇന്നലെ വൈകിട്ട് ഇവിടെയെത്തിച്ചെങ്കിലും കട അടച്ചിരുന്നു. ഫുഡ് സപ്ലിമെന്റായ മഷ്റൂം ഗുളികയിൽ സയനൈഡ് കലർത്തിയാണ് 2016 ജനുവരി 11ന് സിലിയെ കൊലപ്പെടുത്തിയത്.
സിലിക്കു നൽകാൻ അന്ന് കൂടത്തായി വീട്ടിൽനിന്ന് വെള്ളമെടുത്തതും അതിൽ സയനൈഡ് കലർത്തിയതും ജോളി വിശദീകരിച്ചു. അടുക്കളയിലെ അലമാരയിൽനിന്ന് വിഷമെടുത്തു ചേർത്ത ശേഷം വെള്ളക്കുപ്പി ബാഗിൽ വച്ചു.
താമരശ്ശേരിയിലെ ദന്താശുപത്രിയിൽവച്ച് ഗുളികയും വെള്ളവും സിലിയെക്കൊണ്ട് കഴിപ്പിക്കുകയായിരുന്നു. ഈ ദന്താശുപത്രിയിലും ഇന്നലെ ജോളിയെയുംകൊണ്ട് അന്വേഷണ സംഘമെത്തി. സിലി മരിച്ച ദിവസത്തെ സംഭവങ്ങളാണ് ഡോക്ടറോടും ജീവനക്കാരോടും ചോദിച്ചത്. ജോളിയെ കണ്ടു പരിചയമുണ്ടെന്ന് ജീവനക്കാർ മൊഴി നൽകി.
ജോളി വ്യാജ ഒസ്യത്ത് തയാറാക്കിയത് രാമനാട്ടുകരയിൽ
ജിതിൻ ജോസ്
കോഴിക്കോട് ∙ കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ഭർതൃപിതാവ് ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാനുള്ള വ്യാജ ഒസ്യത്ത് തയാറാക്കിയത് രാമനാട്ടുകരയിലെ ആധാരം എഴുത്ത് ഓഫിസിൽ വച്ചെന്ന് മൊഴി.
ഒസ്യത്ത് തയാറാക്കിയ ശേഷം കുന്നമംഗലത്തുള്ള ഫോട്ടോസ്റ്റാറ്റ് സെന്ററിൽ നിന്ന് ഇതിന്റെ പകർപ്പെടുത്തു. ടോം തോമസിന്റെ ഒപ്പു പതിപ്പിക്കേണ്ട ഭാഗത്ത്, അദ്ദേഹം ഒപ്പിട്ട മറ്റൊരു കടലാസ് ചേർത്തുവച്ചാണ് പകർപ്പെടുത്തത്. ഇതോടെ ഒസ്യത്തിന്റെ പകർപ്പിൽ ടോം തോമസിന്റെ ഒപ്പും പതിഞ്ഞു. ഇതിനു ശേഷം വ്യാജ ഒസ്യത്ത് നശിപ്പിച്ചു.
സ്വത്ത് സ്വന്തം പേരിലേക്കു മാറ്റാൻ ജോളി ഹാജരാക്കിയിരുന്നത് ഒസ്യത്തിന്റെ പകർപ്പായിരുന്നു. കുന്നമംഗലത്തു തന്നെയുള്ള ഒരു നോട്ടറി അഭിഭാഷകനാണ് ഇതു സാക്ഷ്യപ്പെടുത്തിയത്. ഈ ഒസ്യത്ത് തയാറാക്കിയ ശേഷമാണു ടോം തോമസിനെ കൊലപ്പെടുത്താനുള്ള തീരുമാനമെടുത്തതെന്നു ജോളി അന്വേഷണ സംഘത്തോടു പറഞ്ഞു.
സിലി വധക്കേസിൽ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ജോളിയുടെ വെളിപ്പെടുത്തൽ. ഈ വിവരങ്ങൾ ടോം തോമസ് വധം അന്വേഷിക്കുന്ന പൊലീസ് സംഘത്തിനു കൈമാറിയിട്ടുണ്ട്.
വ്യാജ ഒസ്യത്തിന്റെ പകർപ്പെടുത്ത കുന്നമംഗലത്തെ ഫോട്ടോസ്റ്റാറ്റ് സെന്ററിനു സമീപം ഇന്നലെ സിലി വധക്കേസിന്റെ തെളിവെടുപ്പിനിടെ പൊലീസ് ജോളിയെ എത്തിച്ചിരുന്നു. പകർപ്പെടുത്ത സ്ഥാപനം ജോളി പൊലീസിനു കാണിച്ചുകൊടുത്തു.
ആൽഫൈൻ കൊലക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാൻ നീക്കം
താമരശ്ശേരി ∙ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ ഭർത്താവ് ഷാജുവിന്റെയും ആദ്യഭാര്യ സിലിയുടെയും മകൾ ഒന്നര വയസ്സുകാരി ആൽഫൈന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ നീക്കം. ഇതിന്റെ ഭാഗമായി ഷാജുവിനെയും പിതാവ് സഖറിയാസിനെയും ഇന്നലെ വൈകിട്ട് പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ജോളിയെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷമാണ് വൈകിട്ട് ഷാജുവിനെയും സഖറിയാസിനെയും താമരശ്ശേരി ഡിവൈഎസ്പി ഓഫിസിലേക്കു വിളിപ്പിച്ച് 5 മണിക്കൂറോളം ചോദ്യംചെയ്തത്.
2014 മേയ് 1ന് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൽഫൈൻ 3ന് ആണ് മരിച്ചത്. മൂത്ത കുട്ടിയുടെ ആദ്യ കുർബാന ചടങ്ങ് നടന്ന ദിവസം ആൽഫൈന് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയെന്നാണ് ജോളി നേരത്തേ അന്വേഷണ സംഘത്തോടു പറഞ്ഞത്.
സിലി വധക്കേസിൽ കസ്റ്റഡിയിൽ വിട്ടുകിട്ടിയ ജോളിയെ തെളിവെടുപ്പു പൂർത്തിയാക്കി നാളെ കോടതിയിൽ ഹാജരാക്കണം. സിലിയുടെയും മകൾ ആൽഫൈന്റെയും കൊലപാതകത്തിൽ പങ്കുള്ളതായി പൊലീസ് കണ്ടെത്തിയവരുടെ അറസ്റ്റും വൈകാതെ ഉണ്ടാകുമെന്നാണു സൂചന. ജോളിയുടെ സഹോദരനെ കട്ടപ്പനയിൽ നിന്നു വിളിച്ചുവരുത്തി അന്വേഷണ സംഘം ഇന്നലെ മൊഴിയെടുത്തു.
Comments