മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യാകുറിപ്പിൽ ഗുരുതര ആരോപണങ്ങൾ

പാലക്കാട് : പാലക്കാട്ടെ മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യക്ക് പിന്നിലെ ദുരൂഹത മറനീക്കി പുറത്ത്. ശരണ്യയെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ബിജെപി പ്രവർത്തകനായ പ്രജീവ് എന്ന വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തന്റെ മരണത്തിന് കാരണം പ്രജീവാണെന്നും അയാളെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും കത്തിലുണ്ട്.

‘തന്നെ പ്രജീവ് ഉപയോഗപ്പെടുത്തി. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ട്. അതിന്റെ വിവരങ്ങൾ തന്റെ ഫോണിലുണ്ട്. ഒടുവിൽ പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെ’ന്നും കുറിപ്പിൽ പറയുന്നു. ഇന്നലെയാണ് മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബിജെപി നേതാവ് പ്രജീവാണെന്നാണ് കുടുംബം ആരോപിച്ചിരുന്നു. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി കുടുംബം പരാതി  നൽകിയിട്ടുണ്ടെന്നും ഉചിത നടപടി പ്രതീക്ഷിക്കുന്നുവെന്നും ശരണ്യയുടെ സഹോദരൻ മണികണ്ഠൻ പറഞ്ഞു. അതേസമയം പ്രജീവ് ബിജെപിയുടെ ഭാരവാഹിയല്ലെന്ന് ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചു.

സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ശരണ്യയുടെ അഞ്ച് പേജുളള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷാണ് ഭർത്താവ്. രാജൻ–തങ്കം ദമ്പതികളുടെ മകളാണ്. മക്കൾ: രാംചരൺ, റിയശ്രീ. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Comments
error: Content is protected !!