Uncategorized

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിചാരണ നടപടികള്‍ സ്റ്റേ ചെയ്തത്. ഹര്‍ജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലായിരുന്നു തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ്. ഇതിനെതിരെയാണ് നരഹത്യാക്കുറ്റം പുനഃസ്ഥാപിച്ച് വിചരണ നടത്തണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. നരഹത്യാകുറ്റത്തിന്റെ കാര്യത്തില്‍ കാര്യമായ വസ്തുതകള്‍ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രാഥമികമായി അറിയിച്ചത്. കേസ് പരിഗണിച്ച കോടതി രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. ഹൈക്കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതുവരെ കീഴ്‌ക്കോടതിക്ക് തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാകില്ല. ഹൈക്കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.

സര്‍ക്കാര്‍ ഹര്‍ജിയിലെ ഉത്തരവിനെ ആശ്രയിച്ചാകും തുടര്‍നടപടി. ശ്രീറാം വെങ്കിട്ടരാമന്‍, വഹ ഫിറോസ് എന്നിവര്‍ എതിര്‍കക്ഷികളായാണ് നടപടി മുന്നോട്ട് പോകുന്നത്. ഇരുവര്‍ക്കും കോടതി നോട്ടീസ് അയക്കും. വരും ദിവസങ്ങളില്‍ ഇരുവര്‍ക്കും അവരുടെ ഭാഗം അറിയിക്കാം. നരഹത്യ കുറ്റം നിലനില്‍ക്കുമെന്നാണ് ഹൈക്കോടതി കണ്ടെത്തുന്നതെങ്കില്‍ നരഹത്യക്കുറ്റവും കൂടി ചേര്‍ത്താകും വിചാരണ നടക്കുക.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button