മാറ്റിവെച്ച പി.എസ്.സി പരീക്ഷകളും അഭിമുഖവും കോവിഡ് തീവ്രത കുറഞ്ഞാൽ ഉടൻ

കോവിഡ് വ്യാപനം കാരണം മാറ്റിവച്ചിട്ടുള്ള പിഎസ്സി പരീക്ഷകളും ഇന്‍റര്‍വ്യൂകളും കോവിഡ് വ്യാപനത്തിന്‍റെ തീവ്രത കുറഞ്ഞാലുടനെ പുനരാരംഭിക്കാന്‍ പി.എസ്.സി നടപടി സ്വീകരിക്കും.പി.എസ്.സി മുഖേനയുള്ള നിയമന നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള എല്ലാ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

05.02.2021നും 03.08.2021-നുമിടയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീര്‍ഘിപ്പിച്ചിട്ടുമുണ്ടെന്നും പി സി വിഷ്‌ണുനാഥിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.  കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യഥാസമയം മത്സര പരീക്ഷകള്‍ നടത്താന്‍ പിഎസ്സിക്ക് കഴിയാത്ത സാഹചര്യമുണ്ടായി.  എന്നാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും നിയമന ശിപാര്‍ശ നല്‍കുന്നതിലും ഇത് ബാധിക്കാതിരിക്കാൻ നടപടിയുണ്ടാവും.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ കൃത്യത പരിശോധിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് വിജിലന്‍സ് വിവിധ ഓഫീസുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനു പുറമേ, ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ട ചുമതലയില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതി 13.02.2021ല്‍ രൂപീകരിച്ചിരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

നിയമനങ്ങള്‍ പരമാവധി പിഎസ് സി മുഖേന നടത്തണമെന്നതാണ് സര്‍ക്കാരിന്‍റെ നയം. നിയമനങ്ങള്‍ പിഎസ് സിക്ക് വിട്ടിട്ടും വിശേഷാല്‍ ചട്ടങ്ങളോ റിക്രൂട്ട്മെന്‍റ് ചട്ടങ്ങളോ രൂപീകരിക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയില്‍ ഇവ രൂപീകരിക്കുന്നതിന് വിവിധ വകുപ്പ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി 20.10.2020-ല്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.

മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് ആരോഗ്യം, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലായി ഇരുപതിനായിരത്തിലധികം പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയുണ്ടായി. 25.05.2016 മുതല്‍ 19.05.2021 വരെ 4,223 റാങ്ക് ലിസ്റ്റുകളാണ് പിഎസ് സി പ്രസിദ്ധീകരിച്ചത്.  മുന്‍ യുഡിഎഫ് ഭരണകാലത്ത് 3418 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 1,61,361 നിയമനശുപാര്‍ശ നല്‍കിയിട്ടുണ്ട്. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ 1,54,384 നിയമന ശുപാര്‍ശ നല്‍കി. അതിലുള്‍പ്പെട്ട 4,031 പേര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ കാലത്താണ് നിയമനം നല്‍കിയത്.

Comments

COMMENTS

error: Content is protected !!