DISTRICT NEWS
മാലപൊട്ടിച്ച മോഷ്ടാക്കാളെ സാഹസികമായി പിടികൂടിയ വീട്ടമ്മയെ പൊലീസ് ആദരിച്ചു
മാലപൊട്ടിച്ച മോഷ്ടാക്കാളെ സാഹസികമായി പിടികൂടിയ വീട്ടമ്മയെ പൊലീസ് ആദരിച്ചു. വ്യാഴാഴ്ച കോഴിക്കോട് കമീഷണര്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ സിറ്റി പൊലീസ് കമീഷണര്‍ രാജ്പാല്‍ മീണയാണ് വീട്ടമ്മയായ സുധയെ ആദരിച്ച് ഫലകം സമ്മാനിച്ചത്.
ചൊവ്വാഴ്ച ബസില്‍ നിന്ന് ഇറങ്ങവെയാണ് നരിക്കുനി സ്വദേശിയായ സുധയുടെ മാല നഷ്ടപ്പെട്ടത്. കൂടെയിറങ്ങിയ രണ്ടു സ്ത്രീകള്‍ ഓടി ഓട്ടോയില്‍ കയറുന്നത് കണ്ടതോടെ മോഷ്ടാക്കളുടെ പിറകെ ഓടി ഓട്ടോ തടയുകയും മോഷ്ടാക്കളെ പിടികൂടുകയുമായിരുന്നു. ഓട്ടോ ഡ്രൈവറും സഹായിച്ചു. കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്തു. അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശി ദേവി (38) വസന്ത(45), മകള്‍ സന്ധ്യ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മാസങ്ങളായി പൊലീസ് അന്വേഷിച്ചുവരുന്ന ഇതര സംസ്ഥാന തസ്കര കുടുംബമാണ് സുധയുടെ ധീരതയില്‍ കുടുങ്ങിയത്.
അസിസ്റ്റന്‍റ് കമീഷണര്‍മാരായ പി ബിജുരാജ്, എ എം സിദ്ദിഖ്, കെ സുദര്‍ശന്‍, സ്പെഷല്‍ ബ്രാഞ്ച് എ സി പി എ ഉമേഷ്, അഡീഷനല്‍ എസ് പി എല്‍ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. മോഷ്ടാക്കളെ കീഴ്പ്പെടുത്താനായി സുധ പ്രകടിപ്പിച്ച ധീരത മാതൃകാപരമാണെന്ന് കമീഷണര്‍ പറഞ്ഞു. സുധയുടെ മകന്‍ മിഥുനും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
Comments