കോഴിക്കോടിനെ ശുചീകരിക്കാന്‍ ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ്

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പുറത്തിറക്കുന്ന ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ് ജില്ലയ്ക്ക് സമര്‍പ്പിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. മാലിന്യ ശേഖരണവും സംസ്‌കരണവും കൂടുതല്‍ ശാസ്ത്രീയമാക്കാനും കാര്യക്ഷമമായ മേല്‍നോട്ടം ഉറപ്പുവരുത്താനുമാണ് ആപ്പ് പുറത്തിറക്കിയത്. സീറോ വേസ്റ്റ് കോഴിക്കോടാണ് പദ്ധതി വിഭാവനം  ചെയ്തത്. വെയ്സ്റ്റ് ബിന്നില്‍ പാഴ് വസ്തു നിക്ഷേപിക്കുന്നത് മുതല്‍ പാഴ് വസ്തു സംഭരണ കേന്ദ്രത്തിലേക്ക് എത്തുന്നത് വരെയുള്ള  വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ്  ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഹരിതകര്‍മ്മ സേന, എല്‍.എസ്.ജി.ഡി അംഗങ്ങള്‍, ആപ്പിന്റെ അതോറിറ്റി എന്നിവര്‍ക്ക് പ്രത്യേകമായി ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ആളുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ക്ക് അവയുടെ മൂല്യമനുസരിച്ച് പോയിന്റ് നല്‍കും. ഇത്തരത്തില്‍ മാലിന്യത്തില്‍ നിന്ന് ലഭിക്കുന്ന പോയിന്റ് ടെലിഫോണ്‍, വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്തി മാലിന്യത്തില്‍ നിന്ന് സമ്പാദ്യം എന്ന ആശയമാണ് ആപ്പിലൂടെ പ്രാവര്‍ത്തികമാക്കുന്നത്. ഉപഭോക്താവ് നിശ്ചയിക്കുന്ന ദിവസം ഹരിതസേന പാഴ് വസ്തു ശേഖരിക്കാനെത്തും. ജില്ലയിലെ പഞ്ചായത്തുകളിലും  നഗരസഭകളിലും കോര്‍പ്പറേഷനിലും പദ്ധതി നടപ്പാക്കാനാണ് ജില്ലാഭരണകൂടവും ജില്ലാ ശുചിത്വമിഷനും തയ്യാറെടുക്കുന്നത്. എലഗന്‍സിസ് എന്ന ഏജന്‍സിയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്
Comments

COMMENTS

error: Content is protected !!