ട്രഞ്ചിങ് ഗ്രൗണ്ടിന് പുതിയമുഖം നല്‍കി താമരശ്ശേരി പഞ്ചായത്ത്
ഒരുകാലത്ത് മാലിന്യക്കൂമ്പാരമായി നിലനിന്നിരുന്ന ട്രഞ്ചിങ് ഗ്രൗണ്ടിന് പുതിയമുഖംനൽകി അവിടെ പ്രത്യേക മാലിന്യസംസ്കരണ കോംപ്ലക്‌സ് തയ്യാറാക്കാനൊരുങ്ങി താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത്.
അമ്പലമുക്ക് പൂവറ എസ്റ്റേറ്റിനുള്ളിലെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാലരയേക്കർസ്ഥലത്ത് കാലങ്ങളായി കെട്ടിക്കിടന്നിരുന്ന മാലിന്യം പൂർണമായി നീക്കംചെയ്ത അധികൃതർ 358 ടണ്ണോളം മാലിന്യമാണ് ഇതിനകം ശാസ്ത്രീയസംസ്കരണത്തിന് അയച്ചത്. ഗ്രീൻവേംസ് കോഴിക്കോടിന്റെ സഹകരണത്തോടെ ‘ഹരിതം സുന്ദരം താമരശ്ശേരി’ പദ്ധതിയുടെ ഭാഗമായാണ് മാലിന്യനിർമാർജനം .
ട്രഞ്ചിങ് ഗ്രൗണ്ടിന്റെ മനോഹാരിത നിലനിർത്തിക്കൊണ്ട് പ്രത്യേക മാലിന്യസംസ്കരണ കോംപ്ലക്‌സ് പണിയുന്നതിനായി രൂപരേഖ തയ്യാറാക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാനും ആരോഗ്യസ്ഥിരംസമിതി അധ്യക്ഷൻ എ. അരവിന്ദനും അറിയിച്ചു.
ട്രഞ്ചിങ് ഗ്രൗണ്ടിൽനിന്ന് മാലിന്യങ്ങൾ പൂർണമായി നീക്കംചെയ്തതിന്റെ ആഘോഷച്ചടങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹിമാൻ കേക്കുമുറിച്ച് ഉദ്ഘാടനംചെയ്തു.