CALICUTDISTRICT NEWS

മാലിന്യ പ്ലാന്റ് സ്ഥാപിക്കുക എന്നത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം -മന്ത്രി ടി.പി രാമകൃഷ്ണൻ

തദ്ദേശസ്വയം ഭരണ  സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്വമാണ് മാലിന്യ പ്ലാന്റ് സ്ഥാപിക്കുക എന്നത്. ഇതിന് ജനങ്ങളുടെ സഹകരണം  ആവശ്യമാണെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. അരിക്കുളം ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി താക്കോൽ ദാനവും ഭരണസമിതി നാലാം വാർഷിക ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു  മന്ത്രി.

മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ഒരു ആരോഗ്യപ്രശ്നവും ഇല്ലാതിരിക്കാൻ, പരിസ്ഥിതി പൂർണമായി സംരക്ഷിക്കുന്നതിനുള്ള എല്ലാ ആധുനിക സംവിധാനവും ഉണ്ടാവും. മാലിന്യ പ്ലാന്റുകൾ സ്‌ഥാപിച്ചില്ലെങ്കിലാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുക എന്നും മന്ത്രി പറഞ്ഞു.

ലൈഫ് പദ്ധതിയുടെ മാനദണ്ഡ പ്രകാരം ഗുണഭോക്തൃ പട്ടികയില്‍ നിന്ന് പുറത്തായ അര്‍ഹതപ്പെട്ടവര്‍ക്കും വീട് നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ശുദ്ധവായുവും ജലസ്രോതസ്സും ഉറപ്പുവരുത്താൻ  34 കോടി വൃക്ഷത്തൈകള്‍ ഈ വർഷം വെച്ചു പിടിപ്പിക്കും. പുതിയ  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനു വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേന  പദ്ധതികള്‍ നടപ്പിലാക്കുന്നതിനും പദ്ധതി രൂപീകരിക്കും. രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് പ്രധാന പട്ടണങ്ങളിൽ  സുരക്ഷിതമായി താമസിക്കാനിടവും  പ്രഭാതഭക്ഷണവും ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനവും മന്ത്രി നടത്തി.

ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രാധ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു.85 കുടുംബങ്ങൾക്കാണ്  ലൈഫ് ഭവന പദ്ധതിയിലൂടെ വീട് നിർമിച്ചു നൽകിയത്.

ലൈഫ് ഭവന പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വിഇഒ മാർക്ക്  മന്ത്രി ഉപഹാരം നൽകി. പഞ്ചായത്തിലെ പാണ്ടിപ്പാറ കുടിവെള്ള പദ്ധതിയിൽ കിണർ നിർമ്മിക്കാനുള്ള സ്ഥലത്തിന്റെ രേഖ കോറോത്ത് അമ്മദും  ടാങ്കിനായുള്ള സ്ഥലത്തിന്റെ രേഖ പോക്കർ മാസ്റ്റർ പയ്യോളിയും മന്ത്രിക്ക് നൽകി.

ജില്ലാ പഞ്ചായത്ത് മെമ്പർ ശാലിനി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം പി പി രമണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം ജാനു, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എം.എം സുധ, ഒ.കെ ബാബു, സിഡിഎസ് ചെയർപേഴ്സൺ സി.എം ജിഷ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. അരിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം ഉണ്ണി സ്വാഗതവും വി.ഇ.ഒ മോഹനൻ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button