DISTRICT NEWS
മിഠായിത്തെരുവിൽ നൈറ്റ് ഷോപ്പിങ് ഫെസ്‌റ്റിവൽ വരുന്നു
കോഴിക്കോട്
കോവിഡ്‌മൂലം പ്രതിസന്ധിയിലായ വ്യാപാര മേഖലയെ പുനരുജ്ജീവിപ്പിക്കാൻ മിഠായിത്തെരുവിൽ നൈറ്റ് ഷോപ്പിങ് ഫെസ്‌റ്റിവൽ വരുന്നു. മിഠായി തെരുവിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളെയും തെരുവ് കച്ചവടക്കാരെയും ഉൾപ്പെടുത്തിയാണ് ഫെസ്‌റ്റിവൽ. 19 മുതൽ ജൂലൈ 16 വരെ നടക്കുന്ന മേളയിൽ ഉപഭോക്താക്കൾക്കായി നിരവധി സമ്മാനങ്ങളുമുണ്ട്. മേള 19ന് രാത്രി എട്ടിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. സമ്മാന പദ്ധതിയുടെ ഉദ്‌ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.
ദിവസേന നറുക്കെടുപ്പും മെഗാ ബംബർ സമ്മാനങ്ങളും പരിപാടിയുടെ ഭാഗമായി ഒരുക്കിയതായി സംഘാടകർ അറിയിച്ചു. 250 രൂപയുടെ ഓരോ പർച്ചേസിനും കൂപ്പൺ ലഭിക്കും. മേള ആരംഭം മുതൽ എല്ലാ രണ്ടാം ശനിയാഴ്‌ചയും കടകൾ രാത്രി 12 വരെ തുറക്കും. ഈ ദിവസങ്ങളിൽ പ്രത്യേക സമ്മാനങ്ങൾ ഉണ്ടാകും. ഫുഡ് ഫെസ്‌റ്റിവലും ഇതോടൊപ്പം നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ അബ്ദുൾ ഗഫൂർ, കൺവീനർ ഷഫീക്ക് പട്ടാട്ട്, എ വി എം കബീർ, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Comments