DISTRICT NEWSVADAKARA
മിന്നൽ പരിശോധന; ഹോട്ടലുകൾക്ക് പിടിവീഴുന്നു
വടകര : വടകരയിൽ പഴകിയ ഭക്ഷണം വിൽക്കുന്ന ഹോട്ടലുകൾക്ക് പിടി വീഴുന്നു. നഗരസഭ ആരോഗ്യവിഭാഗം മിന്നൽ പരിശോധന ശക്തമാക്കി. നിരവധി ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചു. ബുധനാഴ്ച രാവിലെ ഏഴോടെയാണ് പരിശോധന ആരംഭിച്ചത്.
കരിമ്പനത്തോട്ടിലേക്ക് മാലിന്യങ്ങൾ ഒഴുക്കിവിട്ടതിനും പഴകിയ ഭക്ഷണ പദാർഥങ്ങൾ വിൽപ്പന നടത്തിയതിനും പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഹോട്ടൽ മിഡ് ടൗൺ അടപ്പിച്ചു. ഹോട്ടൽ മന്നാ, ഹോട്ടൽ ഫുഡ് വേൾഡ്, സിൽവർ, എംആർഎ, ഹോട്ടൽ സസ്യ എന്നിവിടങ്ങളിൽനിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണംപാകം ചെയ്യുന്ന ഹോട്ടലുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധന ഇനിയും തുടരും.
പിടിച്ചെടുത്തവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി നശിപ്പിച്ചു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി പി മുഹമ്മദ് അഷറഫ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ബാബു, പി ജി അജിത്ത്, ജെഎച്ച്ഐമാരായ എസ് സ്മിത, എം പി രാജേഷ് കുമാർ, രമിത, ശ്രീമ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Comments