മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തിയ മാർച്ചിൽ സംഘർഷം
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന മാര്‍ച്ചിനിടെ പലയിടത്തും സംഘര്‍ഷമുണ്ടായി. കോഴിക്കോടും കണ്ണൂരും കൊച്ചിയിലും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കാസര്‍കോട് പ്രതിഷേധക്കാര്‍ ബിരിയാണിചെമ്പ് കളക്ടറേറ്റിലേക്ക് വലിച്ചെറിഞ്ഞു. ജില്ലാ കേന്ദ്രങ്ങളിലേക്കാണ് യുഡിഎഫ് പ്രതിഷേധം സംഘടിപ്പിച്ചത്. കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസിന് നേരെ കല്ലെറിയുകയും പൊലീസ് വാഹനം ആക്രമിക്കുകയും ചെയ്തു. കോഴിക്കോട് പ്രവർത്തകർ വയനാട് കോഴിക്കോട് പാത ഉപരോധിച്ചെങ്കിലും നേതാക്കളിടപെട്ട് പിന്തിരിപ്പിച്ചു. മുന്നറിയിപ്പില്ലാതെയാണ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ പരാതി.
കോട്ടയം കളക്ട്രേറ്റിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ പൊലീസിന് നേരെ കല്ലും കുപ്പിയും എറിഞ്ഞു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് തള്ളി അകത്ത് കയറാൻ ശ്രമിച്ച ഒരു പ്രവർത്തകന് പരിക്കേറ്റു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേട് തള്ളി മാറ്റി. കളക്ട്രേറ്റിന് ഉള്ളിലേക്ക് കടക്കാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച ജില്ലാ കോണ്‍ഗ്രസ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചാലക്കുടി എംപി ബെന്നി ബെഹ്നാൻ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. പൊലീസിന് നേരെ ചെരിപ്പേറുണ്ടായി. പതിനൊന്ന് മണിയോടെയാണ് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ കണ്ണൂർ കളക്ടേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ചായി എത്തിയത്. സ്ത്രീകളടക്കം അഞ്ഞൂറോളം പ്രവർത്തകരാണ് മാർച്ചിലുണ്ടായിരുന്നത്. കെപിസിസി നിർവ്വാഹക സമിതി അംഗം എം ലിജു മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചതിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡിലേക്ക് കയറി മുദ്രാവാക്യം വിളിച്ചു. പൊലീസ് നിരവധി തവണ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചിരുന്നു. പ്രവർത്തകർ പൊലീസ് വാഹനത്തിന് മുകളിൽ കയറിയും പ്രതിഷേധിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ പലതവണ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. എന്നാൽ പൊലീസ് സംയമനം പാലിച്ചതോടെ വലിയ സംഘർഷ സാധ്യത ഒഴിവായി. 12. 30 ഓടെ പ്രവർത്തകർ കളക്ട്രേറ്റ് പരിസരത്ത് നിന്നും പിരിഞ്ഞുപോയി.
കണ്ണൂരിലെ യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി സംഘര്‍ഷമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസഡിന്‍റ് കെ സുധാകരന് പൊലീസ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്‍റ് ഉറപ്പുവരുത്തണം. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കെ സുധാകരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് മാര്‍ച്ചിന് മുന്നോടിയായി കണ്ണൂരില്‍ വന്‍ പൊലീസ് സന്നാഹത്തെ എത്തിച്ചിരുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമായി 200 പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചത്.
കോടതിയില്‍ മൊഴി നല്‍കിയതിന് സര്‍ക്കാര്‍ പ്രതിയെ വിരട്ടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിലുള്ളത്. ഇനിയാരും മൊഴി കൊടുക്കാതിരിക്കാനാണ് സര്‍ക്കാര്‍ പോലീസിനെ ഉപയോഗിക്കുന്നത്. സത്യ സന്ധനാണെങ്കില്‍ ഇങ്ങനെയാണോ നേരിടേണ്ടത്, മൊഴിക്കെതിരെ മുഖ്യമന്ത്രി നിയമമാര്‍ഗം ഉപയോഗിക്കാത്തത് അതിശയകരമാണെന്നും സതീശന്‍ പറഞ്ഞു.