സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവര്‍’: എം ടി ക്കു പിന്നാലെ രാഷ്ട്രീയവിമര്‍ശനവുമായി എം മുകുന്ദനും

കോഴിക്കോട്: എം ടി വാസുദേവന്‍ നായര്‍ക്കു പിന്നാലെ, രാഷ്ട്രീയ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദനും. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് (കെ എല്‍ എഫ്) മുകുന്ദന്റെ വിമര്‍ശനം.

‘നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്താണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാനുള്ളത് സിംഹാസനത്തില്‍ നിന്ന് ഒഴിയൂ എന്നാണ്. ജനം പിന്നാലെയുണ്ട്. തെരഞ്ഞെടുപ്പ് ഇനിയും വരും. ചോരയുടെ മൂല്യം ഓര്‍ക്കണം. ഇതു ഓര്‍ത്തുകൊണ്ടാകണം വോട്ടു ചെയ്യേണ്ടത്’ വേദിയില്‍ മുകുന്ദന്‍ പറഞ്ഞു. ഇ എം എസ് നേതൃപൂജകളില്‍ ഉണ്ടായിരുന്നില്ലെന്ന എം ടി യുടെ വിമര്‍ശനം ഉള്‍ക്കൊള്ളണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു.

ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നായിരുന്നു എം ടി വാസുദേവന്‍ നായരുടെ വിമര്‍ശനം. അധികാരം ആധിപത്യമോ സര്‍വാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടിയെന്നും കെഎല്‍എഫില്‍ മുഖ്യാതിഥിയായി നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം തുറന്നടിച്ചിരുന്നു. ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു എംടിയുടെ വിമര്‍ശനം. എം ടി യുടെ വിമര്‍ശനം രാഷ്ട്രീയ ചര്‍ച്ചയായിരുന്നു.

 

Comments
error: Content is protected !!