മുങ്ങിയ കിണറുകളിൽ രോഗം പൊങ്ങും!;ക്ലോറിനേഷൻ എങ്ങനെ ചെയ്യാം?
ജില്ലയിൽ വെള്ളത്തിൽ മുങ്ങിയത് 10,027 കിണറുകൾ. പഞ്ചായത്ത് വകുപ്പാണ് വെള്ളപ്പൊക്കത്തിൽ മുങ്ങിയ കിണറുകളുടെ കണക്കുകൾ തയാറാക്കി സർക്കാരിനു സമർപ്പിച്ചത്.വെള്ളം കയറി ഇത്രയും കിണറുകൾ മലിനമായെന്ന് ആരോഗ്യ വകുപ്പും പറയുന്നു. തിരുവാർപ്പ് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ കിണറുകൾ മലിനമായത്– 5002 എണ്ണം. ഈ മേഖലകളിൽ കിണറിലെ വെള്ളം സുരക്ഷിതമല്ലെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
വെള്ളത്തിൽ രോഗകാരണമാകുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയവയും കൊതുകുകൾ, വിരകൾ, അട്ടകൾ എന്നിവയും കണ്ടേക്കാം. അതിനാൽ കുടിക്കാനുള്ള വെള്ളം ക്ലോറിനേറ്റ് ചെയ്തു മാത്രം ഉപയോഗിക്കണം. കുടിക്കാനും ഭക്ഷണം പാചകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും ക്ലോറിനേഷൻ നടത്തിയ ജലം ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. ബ്ലീച്ചിങ് പൗഡറാണ് സാധാരണയായി ക്ലോറിനേഷൻ നടത്താൻ ഉപയോഗിക്കുന്നത്. വെള്ളപ്പൊക്ക ഭീഷണിയിൽ സൂപ്പർ ക്ലോറിനേഷൻ ചെയ്യുന്നതാണു ഉത്തമം.
ക്ലോറിനേഷൻ ചെയ്ത വെള്ളം ഉപയോഗിക്കുന്നതിനു മടിയാണെങ്കിൽ കുടിക്കാനുള്ള വെള്ളം പതിനഞ്ചു മുതൽ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത്. ബ്ലീച്ചിങ് പൗഡർ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. അതത് ആരോഗ്യ കേന്ദ്രങ്ങളിൽ അറിയിച്ചാൽ ആരോഗ്യവകുപ്പ് അധികൃതർ നേരിട്ടെത്തി കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്യും.