മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പി ഗോപാലന്റെ നിര്യാണത്തിൽ മൂരാട് മൗനജാഥയും അനുശോചന യോഗവും.
പയ്യോളി : മുതിർന്ന സി പി എം നേതാവ് പി ഗോപാലന്റെ (77) നിര്യാണത്തിൽ മൂരാട്ട് നൂറ് കണക്കിനാളുകൾ പങ്കെടുത്ത മൗനജാഥയും അനുശോചന യോഗവും നടന്നു. ചൊവ്വാഴ്ച വൈകീട്ട് ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ഗോപാലന്റെ മരണം. ബുധനാഴ്ച കാലത്ത് വീട്ടുവളപ്പിൽ സംസ്കരിച്ചു. തുടർന്ന് മൂരാട് ചേർന്ന അനുശോചന യോഗത്തിൽ കെ കെ മമ്മു അദ്ധ്യക്ഷനായിരുന്നു. കെ രവീന്ദ്രൻ അനുശോചന പ്രമേയം അവതരിപിച്ചു. വിവിധ രാഷ്ടീയ സാമൂഹ്യ പ്രവർത്തരായ ടി ചന്തു, എം പി ഷിബു, ഇ ടി പത്മനാഭൻ, കെ കെ ഹമീദ്, ശശി അയനിക്കാട്, സുരേഷ് ചങ്ങാടത്ത്, എസ് വി റഹ്മത്തുള്ള , എം കേളപ്പൻ, നടുക്കുടി പത്മനാഭൻ, യു ടി കരീം രാജൻ കൊളാവിപ്പാലം മൊയച്ചേരി സതീശൻ, സന്തോഷ് കാളിയത്ത്, കെ കെ ഗണേശൻ, പി എം വേണുഗോപാലൻ, കെ ജയകൃഷ്ണൻ, ടി എം വിവേക്, വി കെ ബിജു, എൻ ടി അബ്ദുറഹിമാൻ, തുടങ്ങിയവർ സംസാരിച്ചു. ടി ഷാജി സ്വാഗതം പറഞ്ഞു.
സി പി ഐ എം, കൊയിലാണ്ടി, പയ്യോളി ഏരിയയിലെ തലമുതിർന്ന നേതാവും , ഇരിങ്ങൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും, മൂരാട് വെസ്റ്റ് ബ്രാഞ്ച് അംഗവും, കൈത്തറി തൊഴിലാളിയൂണിയൻ സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗവുമായ പി ഗോപാലൻ ജനകീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. സി പി ഐ എം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം, പയ്യോളി ലോക്കൽ കമ്മിറ്റി സെക്രട്ടറി, സി ഐ ടി യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ട്രഷറർ , കൈത്തറി തൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി, കേരള സ്റ്റേറ്റ് ഹാന്റക്സ് ഡയറക്ടർ, പയ്യോളി പഞ്ചായത്ത് അംഗം, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ, അർബൻ ബാങ്ക് വൈസ് ചെയർമാൻ, പുതുപ്പണം വീവേഴ്സ്സൊസൈറ്റി പ്രസിഡന്റ്, ഇരിങ്ങൽ കയർ സൊസൈറ്റി പ്രസിഡന്റ്, ഇരിങ്ങൽ പി കെ കെ നായർ വായനശാലയുടെ ആദ്യകാല സംഘാടകൻ എന്നീ നിലകളിലൊക്കെ പ്രവർത്തിച്ചിട്ടുണ്ട്. 1972ലെ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ച ഗോപാലൻ, കുടികിടപ്പ് സമരം, പ്രസിദ്ധമായ ഇരിങ്ങൽ ക്വാറി സമരം, ഇരിങ്ങൽ ടിമ്പർ സമരം, ഇരിങ്ങൽ ഇത്തിൾ തൊഴിലാളി സമരം, തുടങ്ങിയ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകാൻ മുൻ നിരയിലുണ്ടായിരുന്നു.
ഭാര്യ: മാലതി(പുതുപ്പണം വീവേഴ്സ് സൊസൈറ്റി ഡയറക്ടർ), മക്കൾ: സുനിത, സീന. മരുമക്കൾ : ജയൻ(പാലാഴി), ബാബു(കൊയിലാണ്ടി) .സഹോദരങ്ങൾ: ജാനകി, കെ വി രാജൻ(സിപിഐ എം ഇരിങ്ങൽ ലോക്കൽ കമ്മിറ്റി അംഗം, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം), പരേതരായ ബാലൻ, കല്യാണി , സരോജിനി.