മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് രാഷ്ട്രീയ കേരളത്തിന്റെ അനുസ്മരണം
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഇന്ന് രാഷ്ട്രീയ കേരളം അനുസ്മരിക്കും. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇന്ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ പങ്കെടുക്കും. തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനാണ് അധ്യക്ഷനാകും.
നേരത്തെ ചടങ്ങിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഒരു പാർട്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ എതിർ പാർട്ടിയുടെ പ്രധാന നേതാവ് പങ്കെടുക്കുന്നുവെന്ന രാഷ്ട്രീയ പ്രത്യേകത കൂടി ചടങ്ങിനുണ്ടാകും.കെപിസിസിയുടെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുക. ഉദ്ഘാടകനായി തീരുമാനിച്ചിരുന്ന മുഖ്യമന്ത്രിയെ പിന്നീട് അനുസ്മരണ പ്രഭാഷകനാക്കുകയായിരുന്നു. അനുസ്മരണ പരിപാടിയിൽ ഉദ്ഘാടനം വേണ്ട എന്ന നിർദേശത്തെ തുടർന്നാണ് തീരുമാനം.
ഉമ്മൻ ചാണ്ടിയെന്ന ജനകീയ രാഷ്ട്രീയ നേതാവിനെ അനുസ്മരിക്കുന്ന പരിപാടിയിൽ കക്ഷി നേതാക്കളെ മാത്രം വിളിക്കാനായിരുന്നു കെ.പി.സി.സി ആദ്യം തീരുമാനിച്ചത്. എന്നാൽ മുതിർന്ന നേതാക്കളുടെ ഇടപെടലിലാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ തീരുമാനിച്ചത്. ഭരണ – പ്രതിപക്ഷ പാർട്ടികളിലെ മറ്റു നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖരെയും ചടങ്ങിൽ ക്ഷണിച്ചിട്ടുണ്ട്.