സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു

സംസ്ഥാനത്ത് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിച്ചു. കോവിഡ് ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. ഇനി മുതല്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴ ചുമത്തില്ല. 500 രൂപയാണു മാസ്‌ക് ധരിക്കാത്തതിനു പിഴയായി ചുമത്തിയിരുന്നത്.

ജനങ്ങള്‍ക്ക് ഇഷ്ടപ്രകാരം മാസ്‌ക് ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി 2022 ഏപ്രില്‍ 27ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ആണ് പിന്‍വലിച്ചത്. 2020 മാര്‍ച്ചിലാണു സംസ്ഥാനത്ത് ആദ്യമായി മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയത്.

കോവിഡ് ഭീതി ഒഴിഞ്ഞതോടെ പലരും മാസ്‌ക് ധരിക്കാതായി. എന്നാല്‍, കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നപ്പോള്‍ മാസ്‌ക് നിര്‍ബന്ധമാണെന്ന് ഓര്‍മിപ്പിച്ച് 2022 ഏപ്രിലിലും കഴിഞ്ഞ ജനുവരിയിലും ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. കോവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവുകള്‍ പിന്‍വലിച്ചത്.

Comments

COMMENTS

error: Content is protected !!