KERALAMAIN HEADLINES

മെഡിക്കല്‍ കോളേജുകളില്‍ രോഗികള്‍ക്ക് കൂട്ടിരിപ്പിന് ഇനി ഒരാള്‍ മാത്രം

ഇനി മുതൽ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഐസിയുവിലും വാർഡിലുമുള്ള രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം ഒരാളെക്കൂടി അനുവദിക്കും. ഇതിനായി പ്രത്യേക പാസും നല്‍കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പോലീസ് എയ്ഡ് പോസ്റ്റിലുള്ള പോലീസിന്റേയും സെക്യൂരിറ്റി ചീഫിന്റേയും നമ്പറുകള്‍ എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കും. അലാം സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ പോലീസ് ഔട്ട് പോസ്റ്റ് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിലൂടെ ആശുപത്രികളിലെ ക്രമസമാധാന പ്രശ്നങ്ങളും മെഡിക്കോ ലീഗല്‍ കേസുകളും കൈകാര്യം ചെയ്യാനാകും. എല്ലാ മെഡിക്കല്‍ കോളേജുകളിലും രോഗികളുടെ ബന്ധുക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് ബ്രീഫ്രിംഗ് റൂം സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രിയുടെ ഉന്നത തല യോഗം വിളിച്ചു ചേര്‍ത്തത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും യോഗത്തില്‍ മന്ത്രി ഉറപ്പു നല്‍കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ഡിഐജി നിശാന്തിനി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കലാകേശവന്‍, സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍, പിജി ഡോക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button