റബർ, പച്ചത്തേങ്ങ വില: പ്രതിപക്ഷം സഭ വിട്ടു

തിരുവനന്തപുരം ∙ റബറിന് 200 രൂപ വിലസ്ഥിരതാ ഫണ്ടും പച്ചത്തേങ്ങയ്ക്കു 40 രൂപ താങ്ങുവിലയും അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചു നിയമസഭയിൽ പ്രതിപക്ഷ വോക്കൗട്ട്. നെൽകർഷകരുടേത് ഉൾപ്പെടെ കൃഷി മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള കോൺഗ്രസിലെ സണ്ണി ജോസഫിന്റെ അടിയന്തര പ്രമേയം ചർച്ചയ്ക്കെടുത്തെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാൻ മന്ത്രി വി.എസ്.സുനിൽകുമാർ തയാറായില്ല. പച്ചത്തേങ്ങയുടെ താങ്ങുവില 27 രൂപയാണെന്നും വില ഇതിൽ താഴെ വന്നാൽ വാങ്ങാൻ സംസ്ഥാനത്തെ 900 യൂണിറ്റുകൾ എപ്പോഴും സജ്ജമാണെന്നും മന്ത്രി പറഞ്ഞു. താങ്ങുവില 40 രൂപയാക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്

റബറിന്റെ താങ്ങുവില വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യുഡിഎഫ് കഴി‍ഞ്ഞ ഭരണകാലത്ത് 4 വർഷം ഒരു രൂപ പോലും നൽകിയില്ല. അവസാന വർഷം മാത്രമാണു പണം നൽകിയത്. അതിന്റെ അഞ്ചിരട്ടി ഇൗ സർക്കാർ റബർ കൃഷിക്കാർക്കു നൽകിയെന്നും മന്ത്രി പറഞ്ഞു. പതിനായിരക്കണക്കിനു നെൽ കർഷകർ എടുക്കാത്ത കടത്തിന്റെ പേരിൽ ബാങ്കുകളുടെ കിട്ടാക്കട പട്ടികയിൽ വന്നിരിക്കുകയാണെന്നും ഇതു കാരണം അവർക്ക് ഒരു വായ്പയും എടുക്കാൻ കഴിയുന്നില്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

 

റബർ കൃഷിക്കാർക്കു മാർച്ച് മുതൽ വിലസ്ഥിരതാ പണം കിട്ടിയിട്ടില്ല. കശുവണ്ടി സംഭരണം നടക്കുന്നില്ല. ഗൃഹനാഥൻ കടക്കെണിയിൽ ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ കട ബാധ്യത പോലും റദ്ദു ചെയ്യുന്നില്ല. റൈസ് പാർക്ക് നടപ്പാക്കുമെന്നു കഴിഞ്ഞ ബജറ്റിൽ വാഗ്ദാനം ചെയ്തതു പോലും പാലിച്ചില്ല. കൃഷിക്കാരുടെ ജീവന്മരണ സമരങ്ങളാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

റബറിനു സംഭരണ വില 200 രൂപയാക്കാൻ കേന്ദ്ര സഹായം വേണമെന്നു പറയുന്ന സർക്കാർ കേന്ദ്രം തന്നിട്ടാണോ മുൻപ് കെ.എം.മാണി 150 രൂപ കൊടുത്തതെന്നു കെ.സി.ജോസഫ് ചോദിച്ചു. കുരുമുളക് സംഭരണം ഉടൻ തുടങ്ങണമെന്നു പി.ജെ.ജോസഫ് ആവശ്യപ്പെട്ടു. കൃഷിക്കു  വകയിരുത്തിയ തുകയുടെ 40ശതമാനമേ ചെലവഴിച്ചുള്ളുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Comments

COMMENTS

error: Content is protected !!