മെഡിക്കൽ രജിസ്‌ട്രേഷനും പിജി പ്രവേശനത്തിനും ഒരു പരീക്ഷ
മെഡിക്കൽ രജിസ്‌ട്രേഷനും പിജി പ്രവേശനത്തിനും അടക്കം എംബിബിഎസ് വിദ്യാർഥികൾക്ക് ഇനി ഒരു പരീക്ഷ. കോഴ്‌സിന്റെ അവസാനഘട്ടത്തിൽ നടത്തുന്ന നാഷണൽ എക്സിറ്റ് ടെസ്റ്റ് (നെക്‌സ്റ്റ്) മുഖേന നടക്കും. കൂടാതെ വിദേശത്ത് മെഡിസിൻ പഠിച്ചശേഷം രാജ്യത്ത് മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇതേ പരീക്ഷ പാസാകണം.
മെഡിക്കൽ പിജി പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പോസ്റ്റ് ഗ്രാജ്വേഷൻ (നീറ്റ് പിജി), ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാമിനേഷൻ (എഫ്എംജിഇ) എന്നിവയ്‌ക്ക് പകരമായിരിക്കും പുതിയ പരീക്ഷ. ദേശീയ മെഡിക്കൽ കമീഷനു (എൻഎംസി) കീഴിൽ പ്രവർത്തിക്കുന്ന അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ബോർഡ് പ്രസിദ്ധീകരിച്ച പുതുക്കിയ എംബിബിഎസ് കരിക്കുലത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷ നടത്തിപ്പിന് എയിംസിനെ പരിഗണിക്കുന്നുണ്ട്.
നെക്‌സ്റ്റ് ഉൾപ്പെടെ നാല് പ്രൊഫഷണൽ പരീക്ഷയിലൂടെയാകും എംബിബിഎസ് അധ്യയനം പൂർത്തിയാക്കുക. ഒന്നാംവർഷത്തെ പഠനത്തിനുശേഷം (12– മാസം) ആദ്യ പ്രൊഫഷണൽ പരീക്ഷ നടത്തണം. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്‌ട്രി എന്നിവ ഉൾപ്പെട്ടതാകണം പരീക്ഷ. അടുത്ത വർഷത്തിൽ പതോളജി, മൈക്രോബയോളജി, ഫാർമകോളജി എന്നിവ ഉൾപ്പെടുത്തി രണ്ടാം പ്രൊഫഷണൽ പരീക്ഷയും നടത്തണം. തുടർന്ന് കമ്യൂണിറ്റി മെഡിസിൻ, ഫോറൻസിക് മെഡിസിൻ (ടോക്സികോളജി ഉൾപ്പെടെ) എന്നിവയുൾപ്പെട്ട മൂന്നാം പ്രൊഫഷണൽ പരീക്ഷയും നടക്കും. മൂന്നാം ഘട്ടത്തിന്റെ അവസാനമാണ് നാഷണൽ എക്സിറ്റ് ടെസ്റ്റ് (നെക്‌സ്റ്റ്) നടത്തുക. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഒഫ്‌തൽമോളജി, ഒബ്‌സ്‌റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ് എന്നീ വിഷയങ്ങളാണ് നെക്‌സ്റ്റ് പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
2023–-24 അധ്യയന വർഷത്തിൽ പ്രവേശനം നേടുന്നവർക്ക് പുതിയ കരിക്കുലം പ്രകാരം അധ്യയനം നടത്താനാണ് എൻഎംസിയുടെ തീരുമാനം.