മേപ്പയൂർ – കൊല്ലം റോഡ് വികസനം ഫയലിൽ ഉറങ്ങുന്നു; കുണ്ടും കുഴിയുമായി തകർന്ന റോഡിലൂടെ ജനങ്ങൾക്ക് നരകയാത്ര
മേപ്പയൂർ: കോഴിക്കോട് ജില്ലയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന മേപ്പയൂർ കൊല്ലം റോഡ് വികസനം പ്രഖ്യാപനത്തിലും ഫയലുകളിലും മാത്രം. ഒന്നാം പിണറായി സർക്കാറിൻ്റെ ആദ്യ ബജറ്റിൽ തന്നെ ഈ റോഡിന് പണം വകയിരുത്തിയിരുന്നു. കഴിഞ്ഞ ഏഴ് വർഷക്കാലം പേരാമ്പ്ര നിയോജക മണ്ഡലത്തിൽ റോഡ് വികസന രംഗത്ത് അതിവേഗത്തിലുള്ള മാറ്റമാണുണ്ടായതെങ്കിലും ജില്ലയിലെ തന്നെ പ്രധാന റോഡായ കൊല്ലം മേപ്പയൂർ റോഡിനുമാത്രം വികസനം വന്നില്ല. അന്ന് അതേ ബജറ്റിൽ പണം വക ഇരുത്തിയിരുന്ന പയ്യോളി – മേപ്പയൂർ- പേരാമ്പ്ര റോഡ്, ഇരിങ്ങത്ത് – നരക്കോട് – നടുവണ്ണൂർ റോഡ്,. ആനക്കുളം – മുചുകുന്ന്- പുറക്കാട് റോഡ്.കൊയിലാണ്ടി – മുത്താമ്പി – അരിക്കുളം റോഡ് എന്നിവയുടെല്ലാം പണി പൂർത്തീകരിച്ചിട്ട് രണ്ടു വർഷമായി. മഴ വന്നതോടെ റോഡ് കുണ്ടും കുഴിയുമായി. വാഹനങ്ങൾ അപകട ഭീഷണിയിലാണ്.
കൊല്ലം നെല്ലാടി റോഡ് വികസനത്തിനായി സംസ്ഥാന ബഡ്ജറ്റിലൂടെ 39 കോടി രൂപയാണ് വകയിരുത്തിയത്. ഇത് കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് അനുവദിച്ചിരുന്നത്. നിത്യേന നിരവധി ബസുകൾ മേപ്പയൂരിൽ നിന്ന് കൊയിലാണ്ടിയിലേക്കും കോഴിക്കോട്ടേക്കും ഇതുവഴി കടന്നു പോകുന്നുണ്ട്. കുറ്റ്യാടി, നാദാപുരം, ചെറുവണ്ണൂർ, ആവള തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം കോഴിക്കോട്ടേക്കുള്ള എളുപ്പവഴിയായത് കൊണ്ട് നിരവധി വാഹനങ്ങളാണ് ഇത് വഴി കടന്നു പോകുന്നത്. ദേശീയ പാതയിൽ പയ്യോളിക്കും കൊയിലാണ്ടിക്കുമിടയിൽ ഗതാഗത തടസ്സങ്ങളുണ്ടാവുമ്പോൾ കൊയിലാണ്ടിയിലേക്ക് വാഹനങ്ങൾ തിരിച്ചുവിടുന്നതും ഇത് വഴി തന്നെ. ഇത്രയൊക്കെ പ്രാധാന്യമുള്ള ഈ റോഡായിരുന്നിട്ടും അറ്റകുറ്റപണിയെങ്കിലും നടത്താത്ത പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.