മേപ്പയ്യൂർ സ്വദേശി ദിപാഷ് ഉൾപ്പെടെ 11 പേർക്ക് മൂന്ന് മാസങ്ങൾക്ക് ശേഷം മോചനം
യമനിൽ ഹൂതി വിമതരുടെ തടവിൽ കഴിഞ്ഞിരുന്ന മൂന്ന് മലയാളികളുൾപ്പെട്ട 11 ഇന്ത്യക്കാർക്ക് മോചനം. ഒമാൻ സുൽത്താന്റെ ഇടപെടലിനെ തുടർന്നാണ് മോചനം സാദ്ധ്യമായത്. കോഴിക്കോട് മേപ്പയൂർ സ്വദേശി ദിപാഷ്, ആലപ്പുഴ ഏവൂർ സ്വദേശി അഖിൽ, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മോചിതരായ മലയാളികൾ. കഴിഞ്ഞ ജനുവരിയിലാണ് യു എ ഇ ചരക്കുകപ്പൽ ഹൂതികൾ തട്ടിയെടുത്ത് ജീവനക്കാരെ ബന്ദികളാക്കിയത്.ഇന്ത്യയെ കൂടാതെ യു കെ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരേയും മോചിപ്പിച്ചിട്ടുണ്ട്. മോചിപ്പിക്കപ്പെട്ടവരെ യമൻ തലസ്ഥാനമായ സൻആയിൽ നിന്ന് ഒമാൻ റോയൽ എയർഫോഴ്സിന്റെ വിമാനത്തിൽ മസ്കത്തിൽ എത്തിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയമിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.ഈ വിഷയത്തിൽ ഇടപെടണമെന്ന് ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങൾ ഒമാനോട് ആവശ്യപ്പെട്ടിരുന്നു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശത്തെ തുടർന്ന് ഒമാൻ അധികൃതർ യമൻ അധികാരികളുമായി നടത്തിയ ചർച്ചയിലാണ് മോചനത്തിന് വഴിതെളിഞ്ഞത്.