സ്നേഹസംഗമം-2019 ഒക്ടോബര്‍ 26 ന്

 കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം എട്ടാം വര്‍ഷത്തിലേക്ക്. ജില്ലയില്‍ സ്നേഹസ്പര്‍ശം പദ്ധതിയുടെ സഹായത്തോടെ ഡയാലിസിസ് ചെയ്യുന്നവരും വൃക്കമാറ്റി വെച്ചവരും ഒക്ടോബര്‍ 26 ന് കോഴിക്കോട് വെള്ളിമാട്കുന്നിലെ ജെ.ഡി.ടി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് സ്നേഹസംഗമം-2019 എന്ന പരിപാടിയിലൂടെ ഒത്തുചേരും. സംഗമം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യമുള്ള ഈ സംഗമത്തിന്റെ രജിസ്ട്രേഷന്‍ രാവിലെ 9.30 ന് ആരംഭിക്കും. ജില്ലയിലെ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരും സംഗമത്തില്‍ പങ്കെടുക്കും.
റവന്യു ജില്ലാ അടിസ്ഥാനത്തില്‍ അറുപതിനായിരത്തോളം ഗുണഭോക്താക്കള്‍ക്കായി  14 കോടി രൂപയുടെ സഹായമാണ് 2012 ല്‍ ആരംഭിച്ച ജില്ലയിലെ ജീവകാരുണ്യപദ്ധതിയായ സ്നേഹസ്പര്‍ശത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചത്.
        പൊതുജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചുകൊണ്ടായിരുന്നു  പദ്ധതിയുടെ തുടക്കം. രോഗികളുടെ വലിയതോതിലുള്ള വര്‍ദ്ധനവും ധനസമാഹരണത്തിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചു. ഈ ഘട്ടത്തില്‍  2017-18 മുതല്‍ സംസ്ഥാനസര്‍ക്കാറിന്റെ അംഗീകാരത്തോടെ സംയുക്ത പദ്ധതിയായി മാറ്റിയെടുക്കാന്‍ ജില്ലാപഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞതോടെ ജില്ലാപഞ്ചായത്തിന്റെ ഒരു തുടര്‍ പദ്ധതിയായി സ്നേഹസ്പര്‍ശം മാറി. പ്രതിവര്‍ഷം 4 കോടിയോളം രൂപയുടെ ധനസഹായം ഈ പദ്ധതിയിലൂടെ ഇന്ന്  ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുന്നുണ്ട്.
Comments

COMMENTS

error: Content is protected !!