മേലൂർ കച്ചേരിപ്പാറയിൽ നിർമിച്ച ആശ്രയ സായംപ്രഭ ഹോം വീണ്ടും തുറന്നുപ്രവർത്തിപ്പിക്കണമെന്ന് ആവശ്യമുയരുന്നു
ജില്ലാപഞ്ചായത്ത് മേലൂർ കച്ചേരിപ്പാറയിൽ നിർമിച്ച ആശ്രയ സായംപ്രഭ ഹോം വീണ്ടും തുറന്നുപ്രവർത്തിപ്പിക്കണമെന്ന് ആവശ്യമുയരുന്നു.വയോജനങ്ങൾക്ക് വിശ്രമത്തിനും വിനോദത്തിനും വേണ്ടിയാണ് ഒരുകോടിയോളം രൂപ ചെലവാക്കി ജില്ലാപഞ്ചായത്ത് സാമൂഹികനീതി വകുപ്പ് ചെങ്ങോട്ടുകാവിലെ മേലൂർ കച്ചേരിപ്പാറയിൽ വയോജന വിശ്രമകേന്ദ്രം തുടങ്ങിയത്. കെ. ശങ്കരൻ ജില്ലാപഞ്ചായത്ത് അംഗമായപ്പോഴാണ് ഇതിനുള്ള നടപടിയെടുത്തത്.
2019-ൽ മുൻമന്ത്രി ടി.പി. രാമകൃഷ്ണനാണ് വയോജനകേന്ദ്രം തുറന്നുകൊടുത്തത്. തുടർന്ന് ചെങ്ങോട്ടുകാവിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള വയോജനങ്ങൾ ഇവിടെയെത്തുമായിരുന്നു. ജില്ലാപഞ്ചായത്ത് ഏർപ്പെടുത്തിയ വാഹനങ്ങളിലാണ് വയോജനങ്ങളെ കേന്ദ്രത്തിലെത്തിക്കുക. വൈകീട്ട് വീട്ടിലെത്തിക്കുന്നതും ഇതേവാഹനത്തിലാണ്. രാവിലെ ചായ, ഉച്ചയ്ക്ക് ചോറ്, വൈകീട്ട് ചായ എന്നിവയെല്ലാം നൽകും. യോഗ, ഫിസിയോതെറാപ്പി സംവിധാനങ്ങൾ ഇവിടെയുണ്ടായിരുന്നു. കൂടാതെ ലൈബ്രറി, വിനോദത്തിനുള്ള കാര്യങ്ങൾ, വിശ്രമസൗകര്യം എന്നിവയുമുണ്ടായിരുന്നു.