മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് സൂറത്ത് കോടതി
മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് സൂറത്ത് കോടതി. ബി.ജെ.പി എം.എൽ.എയും ഗുജറാത്ത് മുൻ മന്ത്രിയുമായ പൂർണേഷ് മോദിയാണ് പരാതിക്കാരൻ. മേൽക്കോടതിയിൽ അപ്പീൽ പോകുന്നതിനായി വിധി നടപ്പാക്കാൻ 30 ദിവസത്തെ സാവകാശം നൽകിയ കോടതി രാഹുലിന് ജാമ്യം അനുവദിച്ചു.
2019 ഏപ്രിൽ 13ന് കർണാടകത്തിലെ കോലാറിൽ നടത്തിയ പ്രസംഗത്തിൽ മോദി
സമുദായത്തെ രാഹുൽ ഗാന്ധി അവഹേളിച്ചെന്നാണ് കേസ്. ‘ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി; എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത്’ എന്നായിരുന്നു രാഹുലിന്റെ പ്രസംഗം.
തുടർന്നാണ് മോദി സമുദായത്തെ അവഹേളിച്ചെന്ന് കാട്ടി പൂർണേഷ് മോദി പരാതി നൽകിയത്. തുടർന്ന് ഐ.പി.സി 504 വകുപ്പ് പ്രകാരം കേസ് എടുത്തു. പരമാവധി രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്. സൂറത്ത് കോടതിയിൽ വിധി കേൾക്കാൻ രാഹുലും എത്തിയിരുന്നു. വിധിയുടെ പശ്ചാത്തലത്തിൽ കോടതി പരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. വിധിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.