മോഷണശ്രമത്തിനിടെ നാട്ടുകാർക്കും പൊലീസിനും നേരെ തോക്കുചൂണ്ടി രക്ഷപ്പെട്ടവർ വൻ കവർച്ചാ സംഘത്തിലെ കണ്ണികളെന്ന് സൂചന
മോഷണശ്രമത്തിനിടെ നാട്ടുകാർക്കും പൊലീസിനും നേരെ തോക്കുചൂണ്ടി രക്ഷപ്പെട്ടവർ വൻ കവർച്ചാ സംഘത്തിലെ കണ്ണികളെന്ന് സൂചന. ആറുപേർ സംഘത്തിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. സംഘത്തിൽ ഒരാൾ യുപി സ്വദേശി മുഹമ്മദ് മോനിഷാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്നും പൊലീസ് പറഞ്ഞു.
തിരുവനന്തപുരം നഗരത്തിലെ ഇടപ്പഴഞ്ഞിയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. കവർച്ചാശ്രമം തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ തോക്കുചൂണ്ടി രണ്ടംഗ സംഘം ഭീതി പരത്തുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസിനു നേരെയും പ്രതികൾ തോക്കുചൂണ്ടി. മോഷ്ടിച്ച സ്‌കൂട്ടറിൽ ഇവർ രക്ഷപെടുകയായിരുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും ഇവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ആധാർ കാർഡിൽ നിന്നാണ് മോനിഷെന്നയാളെ തിരിച്ചറിഞ്ഞത്.