മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
തൊടുപുഴ: :ഉടുമ്പഞ്ചോല ചെമ്മണ്ണാറില്‍ ദുരൂഹ സാഹചര്യത്തില്‍ മോഷ്ടാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തല്‍. കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെമ്മണ്ണാറില്‍വെച്ച് കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ ഓടി രക്ഷപെട്ട സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെ സമീപത്തെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയിലാണ് സംഭവമുണ്ടായത്. ചെമ്മണ്ണാറില്‍ ഓട്ടോറിക്ഷ ഡ്രൈവറായ കൊന്നക്കപ്പറമ്പില്‍ രാജേന്ദ്രന്റെ വീട്ടിലാണ് ജോസഫ് മോഷ്ടിക്കാന്‍ കയറിയത്. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് അകത്തു കടന്നത്. രാജേന്ദ്രന് ഉറങ്ങിക്കിടന്ന മുറിയില്‍ കയറി അലമാര തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി ചാര്‍ജിങ്ങിനായിട്ടിരുന്ന മൊബൈല്‍ ഫോണ്‍ നിലത്തു വീണു. ശബ്ദം കേട്ട് രാജേന്ദ്രന് ഉണര്‍ന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്തുടര്ന്ന് എത്തിയ ഇരുവരും തമ്മില്‍ മല്‍പ്പിടുത്തമുണ്ടായി. തന്നെ കടിച്ച് പരുക്കേല്‍പ്പിച്ച് ശേഷം ജോസഫ് രക്ഷപെട്ടുവെന്നാണ് രാജേന്ദ്രന് പൊലീസിനോട് പറഞ്ഞത്.