യുക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയില്‍ തുടർപഠനം അനുവദിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം നടത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പറഞ്ഞു.

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ 412  വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കാനാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രണ്ടും മൂന്നും വര്‍ഷങ്ങളില്‍ പഠിക്കുന്ന 172 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതിനെതിരേയാണ് മെഡിക്കല്‍ കമ്മീഷന്‍ രംഗത്തുവന്നത്.

നിലവിലുള്ള ചട്ടപ്രകാരം ഇത് അനുവദനീയമല്ലെന്ന നിലപാടാണ് കമ്മീഷന്‍ എടുത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അതേ കോളേജില്‍തന്നെ അവരുടെ പഠനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ട് വര്‍ഷം വിദേശരാജ്യത്ത് പഠിച്ചശേഷം ബാക്കി ഇന്ത്യയില്‍ പൂര്‍ത്തിയാക്കുന്നത് അനുവദിക്കാനാകില്ല. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നടത്തിയവര്‍ക്കുള്ള സ്‌ക്രീനിങ് പരീക്ഷ എഴുതാന്‍ യോഗ്യതയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

സാങ്കേതിക കാരണം പറഞ്ഞാണ് ബംഗാള്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തള്ളിയത്. അതോടൊപ്പം ഇവരുടെ തുടര്‍പഠനം സംബന്ധിച്ച സാധ്യത കേന്ദ്രസര്‍ക്കാര്‍ തേടുന്നു എന്നതും ആശ്വാസകരമാണ്. യുക്രൈനില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റാന്‍ കഴിയുമോ എന്ന സാധ്യതയാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
Comments

COMMENTS

error: Content is protected !!