യുവനടിമാർ ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റവാളികൾക്കെതിരേ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് അഡ്വ പി സതീദേവി
സിനിമാ പ്രൊമോഷനെത്തിയ യുവനടിമാർ കോഴിക്കോട് ഹൈലൈറ്റ് മാളിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റവാളികൾക്കെതിരേ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി ആവശ്യപ്പെട്ടു.
സിനിമാ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടയിൽ സിനിമാ നടികളെ ക്രൂരമായ വിധത്തിൽ അതിക്രമിച്ചു എന്നുള്ള വാർത്ത വളരെയേറെ ആശങ്ക ഉണ്ടാക്കുന്നതും തീർത്തും അപലപനീയമാണ്. സംഭവത്തിൽ അടിയന്തരമായി പൊലീസ് ഇടപെട്ട് അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരായി നടപടി സ്വീകരിക്കണം.
ആൾക്കൂട്ടത്തിനിടയിൽ സ്ത്രീകളെ ആക്രമിക്കുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് തീർച്ചയായും കേരളീയ സമൂഹം വളരെ കരുതലോടെ കാണേണ്ടത് തന്നെയാണ്. ഇത്തരം പരിപാടികൾ പങ്കെടുക്കുന്ന ആളുകൾക്ക് സംരക്ഷണം കൊടുക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സംഘാടകരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതായിട്ടുണ്ട്.
ഇന്നലെ ഉണ്ടായിട്ടുള്ള സംഭവത്തിൽ പൊലീസ് അടിയന്തരമായി ഇടപെട്ട് കുറ്റവാളികൾക്ക് എതിരേ കർശനമായിട്ടുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചുകൊണ്ട് നിയമ നടപടികൾ സ്വീകരിക്കണമെന്നും വനിത കമ്മീഷൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഹൈലറ്റ് മാളില്‍ സിനിമ പ്രൊമോഷന്‍ കഴിഞ്ഞു മടങ്ങുന്നതിനിടയിലാണ് യുവനടിമാര്‍ക്ക് നേരെ അതിക്രമമുണ്ടായത്. സാറ്റര്‍ഡേ നൈറ്റ് എന്ന സിനിമയുടെ പ്രൊമോഷനായായിരുന്നു ഇവര്‍ എത്തിയത്. സംഭവത്തില്‍ സിനിമയുടെ നിര്‍മ്മാതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസ് എടുക്കാനുള്ള നടപടി ആരംഭിച്ച പൊലിസ് നടിമാരുടെ മൊഴി രേഖപ്പെടുത്തും.