യുവപോരാളിയുടെ രക്തസാക്ഷിത്വത്തിന‌് നാളെ ഒരാണ്ട‌്

കൊച്ചി > അഭിമന്യുവിന്റെ രക്തം വീണ വഴിയിൽ അവന്റെ ചുണ്ടിലെപ്പോഴും മായാതെ നിന്നിരുന്ന ചിരി പോലൊരു വെയിൽ പരന്നുകിടക്കുന്നു. ‘വർഗീയത തുലയട്ടെ’ എന്ന‌് അവൻ അവസാനമായി കുറിച്ച മതിലിൽ ഉറഞ്ഞുപോയ കാഴ‌്ചയെ തിരിച്ചെടുക്കാനാകാതെ നിൽപ്പുണ്ട‌് ചിലർ. കല്ലേപ്പിളർന്ന മുദ്രാവാക്യങ്ങൾ മുഴങ്ങിയ മഹാരാജാസിന്റെ  ഹൃദയം ഭേദിച്ച‌് ഇപ്പോഴും കേൾക്കാം ‘നാൻ പെറ്റ മകനെ’ എന്ന നിലവിളി. ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമമായ വട്ടവടയിലെ കൊട്ടക്കാമ്പൂരിന്റെ പ്രിയപുത്രൻ അഭിമന്യുവിന്റെ വീരസ‌്മരണകൾ ഇന്ന‌് മതനിരപേക്ഷ കേരളത്തിന്റെ ഹൃദയതാളമാണ‌്. തീവ്രവാദ രാഷ‌്ട്രീയത്തിന്റെ കഠാരമുന കുത്തിക്കെടുത്തിയ യുവപോരാളിയുടെ രക്തസാക്ഷിത്വത്തിന‌് ചൊവാഴ‌്ച ഒരാണ്ട‌് തികയുന്നു.

 

കഴിഞ്ഞ ജൂലൈ രണ്ടിന‌് പുലർച്ചെയാണ‌് മഹാരാജാസ‌് കോളേജിന‌് പിന്നിലെ പാതയിൽ എസ‌്ഡിപിഐ–-ക്യാമ്പസ‌് ഫ്രണ്ട‌് തീവ്രവാദി സംഘം അഭിമന്യുവിനെ കുത്തിവീഴ‌്ത്തിയത‌്. പുതുതായി എത്തുന്ന ബിരുദവിദ്യാർഥികളെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു എസ‌്എഫ‌്ഐ പ്രവർത്തകർ.  നവാഗതരെ വരവേറ്റ‌് മുദ്രാവാക്യങ്ങൾ എഴുതാൻ ക്യാമ്പസിന‌് പിന്നിലെ മതിൽ വെള്ളയടിച്ചിട്ടിരുന്നു. പ്രകോപനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ  കാമ്പസ‌് ഫ്രണ്ട‌് പ്രവർത്തകർ അവിടെ തങ്ങളുടെ പോസ‌്റ്ററുകൾ പതിച്ചു.

 

ഇതിനെ ചോദ്യംചെയ‌്ത എസ‌്എഫ‌്ഐ പ്രവർത്തകരോട‌് ക്യാമ്പസ‌്ഫ്രണ്ട‌്–- എസ‌്ഡിപിഐ സംഘം കയർത്തു. രാത്രി വൈകി വീട്ടിൽ നിന്നെത്തിയ അഭിമന്യു കോളേജ‌് ഗേറ്റിനുമുന്നിൽ സംഘർഷമുണ്ടായതറിഞ്ഞാണ‌്  ഹോസ‌്റ്റലിൽ നിന്ന‌് അവിടേക്കെത്തിയത‌്. ക്യാമ്പസ‌് ഫ്രണ്ട‌് കൈയേറിയ മതിലിൽ അവൻ ‘വർഗീയത തുലയട്ടെ’ എന്ന‌് കുറിച്ചു. അർധരാത്രിയോടെ കോളേജിന‌് പിന്നിലെ വനിതാ ഹോസ‌്റ്റൽ പരിസരത്ത‌് ആയുധങ്ങളുമായി സംഘടിച്ചുനിന്ന ആക്രമികൾ എസ‌്എഫ‌്ഐ പ്രവർത്തകരെ കടന്നാക്രമിച്ചു. അഭിമന്യുവിനും സുഹൃത്തുക്കളായ വിനീതിനും അർജുനും  കുത്തേറ്റു.  അഭിമന്യുവിന്റെ നെഞ്ചിൽ കുത്തിയിറക്കിയ കത്തി ഹൃദയം പിളർന്ന‌് പുറത്തുവന്നു.

 

അൽപദൂരം മുന്നോട്ട‌് നീങ്ങിയ അവൻ സഹപാഠികളുടെ കൈകളിലേക്ക‌് കുഴഞ്ഞുവീണു. അഭിമന്യുവിനെയും താങ്ങിയെടുത്ത‌് സഹപാഠികൾ ജനറൽ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചെങ്കിലും പാതിവഴിയിൽ അവനിലെ ശ്വാസം ഒടുങ്ങി. വട്ടവടയിലെ തോട്ടം തൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകൻ അവരുടെ മാത്രമല്ല, ആ നാടിന്റെയാകെ പ്രതീക്ഷയായിരുന്നു. ശാസ‌്ത്രജ‌്ഞനാകണമെന്ന ആഗ്രഹത്തോടെ, ഒറ്റമുറിവീട്ടിലെ സാധുകുടുംബത്തിന്റെ പ്രതീക്ഷകൾ നെഞ്ചേറ്റിയാണ‌് അവൻ രസതന്ത്ര ബിരുദ പഠനത്തിന‌് ംമഹാരാജാസിൽ ചേർന്നത‌്. സിനിമാ പോസ‌്റ്ററൊട്ടിച്ചും മറ്റ‌് താൽക്കാലിക ജോലികൾ ചെയ‌്തുമാണ‌് പഠനത്തിന‌് പണം കണ്ടെത്തിയിരുന്നത‌്. സഹോദരിയുടെ വിവാഹത്തിന‌് ഒരുമാസം ബാക്കി നിൽക്കെയായിരുന്നു അരുംകൊല.

 

അമരസ‌്മരണകളുടെ ഒന്നാം വാർഷികത്തിൽ  എറണാകുളം കലൂർ–-കതൃക്കടവ‌് റോഡിൽ അഭിമന്യു സ‌്മാരകമായി ഉയരുന്ന വിദ്യാര്‍ത്ഥിസേവന കേന്ദ്രത്തിന‌് ചൊവ്വാഴ‌്ച സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ശിലയിടും. വിദ്യാര്‍ത്ഥികള്‍ക്ക്‌ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍, വര്‍ഗീയവിരുദ്ധ പാഠശാല എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ‌് കേന്ദ്രം.

 

വട്ടവട  പഞ്ചായത്ത്‌ ഓഫീസിന‌് മുകളിൽ സജ്ജീകരിച്ച അഭിമന്യു മഹാരാജാസ‌് ലൈബ്രറി കഴിഞ്ഞ ജനുവരി 14ന‌്  മുഖ്യമന്ത്രി പിണറായി വിജയൻ നാടിന‌് സമർപ്പിച്ചു. വിദേശങ്ങളിൽ നിന്നുൾപ്പെടെ സംഭാവനയായി ലഭിച്ച  45000 പുസ്‌തകങ്ങളാണ‌് ലൈബ്രറിയിലുള്ളത‌്. അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയിൽ  പത്തു സെന്റ‌് സ്ഥലം വാങ്ങി നിർമിച്ച വീടും അന്നു തന്നെ  മുഖ്യമന്ത്രി കൈമാറി. അഭിമന്യുവിന്റെ ആഗ്രഹം പോലെ കഴിഞ്ഞ നവംബറിൽ സഹോദരിയുടെ വിവാഹവും നടന്നു.
Comments

COMMENTS

error: Content is protected !!