CALICUT
യു.എ.പി.എ. കേസ്: തെളിവുണ്ടെന്ന് പോലീസ്;ഡി.ജി.പി.ക്ക് വിശദറിപ്പോർട്ട് നൽകി
കോഴിക്കോട്: മാവോവാദിബന്ധം ആരോപിച്ച് അറസ്റ്റുചെയ്ത രണ്ടു വിദ്യാർഥികളുടെ പേരിൽ യു.എ.പി.എ. ചുമത്താതെ നിർവാഹമില്ലായിരുന്നെന്ന് പോലീസ്. യു.എ.പി.എ. ചുമത്താനിടയായ സാഹചര്യം സംബന്ധിച്ച് അന്വേഷണസംഘം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് വിശദമായ റിപ്പോർട്ട് നൽകി. സി.പി.എം. ബ്രാഞ്ച് അംഗങ്ങളായ മൂർക്കനാട് കോട്ടുമ്മൽ വീട്ടിൽ താഹ ഫസൽ (24), തിരുവണ്ണൂർ പാലാട്ട് നഗർ മണിപുരിയിൽ അലൻ ഷുഹൈബ് (20) എന്നിവരെ വെള്ളിയാഴ്ച വൈകീട്ടാണ് പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്തത്.
അറസ്റ്റിനെക്കുറിച്ച് ഉത്തരമേഖലാ ഐ.ജി. അശോക് യാദവിനോട് വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ഫോട്ടോകളും വീഡിയോകളും തെളിവായി ഡി.ജി.പി.ക്ക് കൈമാറിയത്. വീഡിയോദൃശ്യങ്ങൾ തിങ്കളാഴ്ച മാധ്യമങ്ങൾ പുറത്തുവിട്ടു. അറസ്റ്റിലായ അലനെക്കുറിച്ച് നാലുവർഷംമുമ്പ് കോഴിക്കോട് സിറ്റി പോലീസ് സംസ്ഥാന ഇന്റലിജൻസ് മേധാവിക്ക് നൽകിയ റിപ്പോർട്ടും ഇതിലുണ്ട്.
നിരോധിക്കപ്പെട്ട സംഘടനയുടെ ലഘുലേഖകളും ബാനറുകളും ലഭിച്ചതിനാലാണ് യു.എ.പി.എ. പ്രകാരം കേസെടുത്തത്. ഇതല്ലാതെ പോലീസിന് മറ്റുനിർവാഹമില്ലായിരുന്നു. കേസെടുക്കാതെ ഒഴിവാക്കിയാൽ ഇതിനും പഴികേൾക്കേണ്ടിവരും. നിയമപ്രകാരമുള്ള കാര്യങ്ങളേ അന്വേഷണസംഘം ചെയ്തിട്ടുള്ളൂ -റിപ്പോർട്ടിൽ പറയുന്നു.
2015 മുതൽ അലനെ നിരീക്ഷിച്ചുവരികയാണെന്നും ഇന്റലിജൻസ് വിഭാഗവും അന്വേഷണസംഘവും നൽകിയ റിപ്പോർട്ടിലുണ്ട്. ‘പാഠാന്തരം’ എന്ന വിദ്യാർഥി സംഘടനയുടെ പ്രവർത്തകനാണ് അലനെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഈ റിപ്പോർട്ടിനൊപ്പം അലന്റെ ചെറുപ്രായത്തിലുള്ള ഫോട്ടോയുമുണ്ട്. മാവോവാദി സംഘടനയുടെ വിദ്യാർഥിവിഭാഗമായ ‘പാഠാന്തരം’ രൂപവത്കരിക്കാൻ ശ്രമം നടത്തിയിരുന്നെന്നാണ് പറയുന്നത്.
ഡിജിറ്റൽ തെളിവായി ലാപ്‌ടോപ്, മൊബൈൽ ഫോണുകൾ, മെമ്മറി കാർഡ്, സിം കാർഡ് എന്നിവ തൊണ്ടിസാധനങ്ങളായി എടുത്തിട്ടുണ്ട്. ഫോൺവിളികളുൾപ്പെടെ കൂടുതൽ ഡിജിറ്റൽ രേഖകൾ പരിശോധിച്ചുവരികയാണ്. ഇതിന്റെ ശാസ്ത്രീയ പരിശോധനാഫലങ്ങൾകൂടി ലഭിക്കണം.
മൂന്നാമതൊരാൾകൂടി ഇവർക്കൊപ്പമുണ്ടായിരുന്നുവെന്നതിന് കൂടുതൽ തെളിവുകളുണ്ട്. കസ്റ്റഡിയിലെടുത്ത ബൈക്കിൽ മൂന്നുപേരാണ് എത്തിയതെന്ന് ദൃക്സാക്ഷിമൊഴിയുണ്ട്. കച്ചവടക്കാരനായ ഇയാളുടെ കടയിൽനിന്നാണ് ഇവർ സിഗരറ്റ് വാങ്ങിയത്. മൂന്നുപേരെയും കണ്ടാൽ തിരിച്ചറിയാമെന്ന് പോലീസിന് ഇയാൾ മൊഴിനൽകി. മൂന്നാമനെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ പിടിയിലായ രണ്ടുപേരും തയ്യാറായിട്ടില്ല.
മൂന്നാമൻ ഒരു പാർട്ടിയുമായും ബന്ധമുള്ള ആളല്ലെന്നും വേണ്ടപ്പെട്ട ആളാണെന്നും അയാളെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇരുവരും പറഞ്ഞത്. ഇരുവരെയും കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യംചെയ്യാനായി കോടതിയുടെ അനുമതിതേടുമെന്നും വിശദീകരണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
Comments