ഗാന്ധി ജയന്തി വാരാചരണം:ജില്ലയില്‍ വിവിധ പരിപാടികള്‍

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാഭരണകൂടത്തിന്റെ ക്‌ളിന്‍ ബീച്ച് മിഷന്‍, ശുചിത്വമിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പറേഷനും ഇന്‍ഫര്‍മേഷന്‍- പബ്‌ളിക് റിലേഷന്‍സ് വകുപ്പുമായും ചേര്‍ന്ന് നടത്തുന്ന ബീച്ചില്‍ പാഴ്‌വസ്തു ശേഖരണകൂടുകളുടെ ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് രാവിലെ 9-ന്  മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. ബീച്ചിലെ 1200 മീറ്റര്‍ നീളത്തില്‍ 13 കൂടുകളാണ് നിര്‍മിക്കുക. ലയണ്‍സ്‌ക്‌ളബ്ബാണ് ഇവ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.  ബോധവത്കരണ പരിപാടികളും ലഘുലേഖകളുടെ വിതരണവും സംഘടിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെ ശുചിത്വ ആപ് ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.  മാലിന്യ ശേഖരണവും സംസ്‌കരണവും കൂടുതല്‍ ശാസ്ത്രീയമാക്കാനും കാര്യക്ഷമമായ മേല്‍നോട്ടം ഉറപ്പുവരുത്താനും ഈ മൊബൈല്‍ അപ്‌ളിക്കേഷന്‍ സഹായിക്കും.
ഇന്‍ഫര്‍മേഷന്‍- പബ്‌ളിക് റിലേഷന്‍സ് വകുപ്പ്  കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും എക്‌സൈസ് വകുപ്പും സംയുക്തമായി ഗാന്ധിജയന്തിയോഗനുബന്ധിച്ച് വിപുലമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളും ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്. ലഹരിവിരുദ്ധ ബോധവത്കരണ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ ഒക്ടോബര്‍ 2 രാവിലെ 10.30-ന്  വെള്ളിമാട്കുന്ന് ജെഡിടി ഇസ്‌ളാം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനാവും. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന കിറ്റി ഷോ വിനോദ് നരനാട്ട് അവതരിപ്പിക്കും.  ഗാന്ധി സ്മൃതി ലഹരിവിരുദ്ധ സന്ദേശപത്രം മന്ത്രിയില്‍ നിന്നും ജെഡിറ്റി സ്ഥാപനങ്ങളുടെ സെക്രട്ടറി സി പി കുഞ്ഞുമുഹമ്മദ് എറ്റുവാങ്ങും. ചടങ്ങില്‍ എം കെ രാഘവന്‍ എംപി, എ പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ കളക്ടര്‍ സാംബശിവറാവു, സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തി ചീഫ് കോര്‍ഡിനേറ്റര്‍ ഡി രാജീവ്, ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വി ജെ മാത്യു, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി ആര്‍ അനില്‍കുമാര്‍, കെ എസ്ഇഎ ജില്ലാ പ്രസിഡണ്ട് ടി കെ നിഷില്‍കുമാര്‍, ജെഡിറ്റി ഇസ്‌ളാം ആര്‍ട്‌സ്& സയന്‍സ്‌കോളേജ് പ്രിന്‍സിപ്പല്‍ സി എച്ച് ജയശ്രീ തുടങ്ങിയവര്‍ സംസാരിക്കും. എക്‌സൈസ് വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടക്കും. ലഹരി വിരുദ്ധ സന്ദേശത്തെ ആസ്പദമാക്കി, ഹയര്‍ സെക്കന്ററി വിദ്യാത്ഥികള്‍ക്കുള്ള ഉപന്യാസരചനയും ഹൈസ്‌ക്കൂള്‍ വിദ്യാത്ഥികള്‍ക്കായി പോസ്റ്റര്‍ രചനയുമാണ് സംഘടിപ്പിച്ചിരുന്നത്.
ഒക്ടോബര്‍ 2-ന് ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെയും നായനാര്‍ ബാലികാ സദനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  നായനാര്‍ ബാലികാസദനത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ 9.30-ന് രഞ്ജിനി വര്‍മയും സംഘവും ആലപിക്കുന്ന ഹിന്ദുസ്ഥാനി ഭജനോടെ പരിപാടികള്‍ക്ക് തുടക്കമാവും. രാവിലെ 9.50-ന് മഹാത്മജിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം നടക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്യും. യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍  ചെയര്‍മാന്‍ പി രമേശന്‍ അദ്ധ്യക്ഷനായിരിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ സ്വാതന്ത്യസമര സേനാനി പി. വാസു, ഡോ.. പി.എ.ലളിത എന്നിവരെ സാമൂഹ്യ സേവനങ്ങള്‍ക്ക് ആദരിക്കും’ ഗാന്ധിപീസ് ഫൗണ്ടേഷന്റെ ഇ.കെ കുട്ടി മുഖ്യ പ്രഭാഷണം നടത്തും. നായനാര്‍ ബാലികാസദനം പ്രസിഡണ്ട് വി വി മോഹനചന്ദ്രന്‍, യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ എം കെ ജയരാജ്, മുന്‍ മേയര്‍ സി ജെ റോബിന്‍, ലെഫ്റ്റനന്റ് കേണല്‍  സുശീല നായര്‍,  ഡോ സി കെ ബാബു, പ്രൊഫ. ഡികെ ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ കല തുടങ്ങിയവര്‍ സംസാരിക്കും.  തുടര്‍ന്ന് ബാലികാ സദനത്തിലെ അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ ഉണ്ടാകും.
ഇന്‍ഫര്‍മേഷന്‍-പബ്‌ളിക്‌റിലേഷന്‍സ് വകുപ്പ് ഗാന്ധി പീസ് ഫൗണ്ടേഷനുമായി സഹകരിച്ച് ഒക്‌ടോബര്‍ 2 മുതല്‍ 8 വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തും.  ചെറൂട്ടി റോഡിലെ ഗാന്ധിഗൃഹത്തില്‍  വാരാഘോഷം ഉദ്ഘാടനം ഒക്‌റ്റോബര്‍ 2 രാവിലെ 10-ന് പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍ നിര്‍വഹിക്കും ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് സി കൃഷ്ണന്‍ മൂസ് അദ്ധ്യക്ഷനായിരിക്കും.  മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ എഫ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.
Comments

COMMENTS

error: Content is protected !!