യൂത്ത് ലീഗ് മുനിസിപ്പൽ ഓഫീസ് ധർണ്ണ നടത്തി
കൊയിലാണ്ടി: കെട്ടിട നിർമ്മാണ പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ ഇടതു സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ കൊള്ളക്കാരായി മാറിയിരിക്കുന്നുവെന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി ഇബ്രാഹിം കുട്ടി പറഞ്ഞു.
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും, അപേക്ഷാ ഫീസും വർദ്ധിപ്പിച്ചതിനെതിരെ യൂത്ത് ലീഗ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി നടത്തിയ നഗരസഭ ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവശ്യവസ്തുക്കളുടെയും, നിത്യോപയോഗ സാധനങ്ങളുടെയും, പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലവർധനയിൽ ജനങ്ങൾ പൊറുതിമുട്ടുന്ന സാഹചര്യത്തിൽ അവരുടെ ജീവിതത്തെ മുഴുവനായും തകർക്കുന്ന തരത്തിലുള്ള നടപടികളുമായാണ് ഇപ്പോൾ തദ്ദേശ സ്വയംഭരണ വകുപ്പും സർക്കാറും മുന്നോട്ടുപോകുന്നത്.
ഭവന വായ്പകൾ എടുത്ത് വീട് നിർമ്മിക്കാൻ കാത്തിരിക്കുന്ന പാവങ്ങൾ പെർമിറ്റ് പാസാക്കാൻ മറ്റൊരു വായ്പ കൂടി എടുക്കേണ്ട ഗതികേടിലായിരിക്കുകയാണ്
കേരള ജനതയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.യൂത്ത് ലീഗ് മുനിസിപ്പൽപ്രസിഡണ്ട് ബാസിത് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ അസീസ്, നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫാസിൽ നടേരി, ലത്തീഫ് ദാരിമി എന്നിവർ സംസാരിച്ചു. ഷൗക്കത്തലി കൊയിലാണ്ടി , ഹാഷിം വലിയ മങ്ങാട് , സലാം ഓടക്കൽ, റഫ്ഷാദ് വലിയമങ്ങാട് , റാഫി കവലാട്, ഖാലിദ് കെ കെ വിഎന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി. വിവി നൗഫൽ സ്വാഗതവും ആദിൽ കെ വി നന്ദിയും പറഞ്ഞു.