രണ്ടു ദിവസമായി തീറ്റയും വെള്ളവും കിട്ടാതെ പെരുമഴയത്ത് കെട്ടിയിട്ട പശു, മനുഷ്യരുടെ കനിവിനായി കേഴുന്നു
കൊയിലാണ്ടി: ഒരു മിണ്ടാപ്രാണി രണ്ട് ദിവസമായി വെയിലും മഴയും കൊണ്ട് തീറ്റയെടുക്കാനാകാതെ, ഒരു തുള്ളി ദാഹജലം ലഭിക്കാതെ നരകിക്കുന്നു. റെയിൽവേസ്റ്റേഷൻ റോഡിനരികിലെ ഡ്രൈവിംഗ് പരിശീലന ഗ്രൗണ്ടിന്റെ ഓരത്ത് റോഡരികിലാണ് പശു ഉള്ളത്.
നിന്ന് തിരിയാൻ ഇടമില്ലാത്ത നിലയിൽ കെട്ടിയിട്ട ഈ പാവം ജീവി, തിങ്കളാഴ്ച അതികാലത്ത് മുതൽ ഇവിടെയുണ്ട്. ചുറ്റുപാടും ധാരാളം പുല്ലുണ്ടെങ്കിലും ഒന്നു കടിച്ചെടുക്കാൻ പോലും കഴിയാത്ത വിധമാണ് കെട്ടിയിട്ടത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രിയും പകലും പെയ്ത കനത്ത മഴയും വെയിലുമൊക്കെ ഈ മിണ്ടാപ്രാണി നിന്നനുഭവിക്കുകയാണ്. ഒന്നു കിടക്കാൻ പോലും കഴിയുന്നില്ല.
ആരുടേയോ വളർത്തു പശുവാണെന്ന് വ്യക്തം. ചെവിയിൽ കുത്തിവെപ്പെടുത്തതിന്റേയും മറ്റും മഞ്ഞ ടാഗ് ഘടിപ്പിച്ചിട്ടുണ്ട്. എന്തിനാണിങ്ങനെ ക്രൂരത കാണിക്കുന്നതെന്നും ആരുടേതാണെന്നും പരിസരവാസികൾക്കാർക്കും അറിയില്ല.
പശുവിന്റെ ദയനീയാവസ്ഥ കണ്ട് പലരും അന്വേഷിക്കുന്നുണ്ടെങ്കിലും ഇതുവരെ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. അഴിച്ചുവിടാൻ ചിലർ ശ്രമിച്ചെങ്കിലും കയർ മുറുകിപ്പോയതു കൊണ്ട് അതിനും കഴിയുന്നില്ല. ഇനിയും ഉടമസ്ഥനെത്തിയില്ലെങ്കിൽ കയർ അറുത്തു മാറ്റി പശുവിനെ മോചിപ്പിക്കുമെന്ന് ചില ചെറുപ്പക്കാർ തീരുമാനമെടുത്തിട്ടുണ്ട്.