KERALA
രാഖിയുടെ കൊലപാതകം: ചുരുളഴിച്ചത് ഹേബിയസ് കോർപ്പസ് ഹർജി

പൂവാർ: തിരുപുറം പുത്തൻകട ജോയ്ഭവനിൽ രാഖിയുടെ കൊലപാതകത്തിന്റെയും അതിനുപിന്നിലെ സംഭവങ്ങളുടെയും ചുരുളഴിച്ചത് അച്ഛൻ രാജൻ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി. കാണാതായവരുടെ കൂട്ടത്തിൽ എഴുതിത്തള്ളേണ്ട പരാതിയാണ് ക്രൂരമായ കൊലപാതകമെന്നു കണ്ടെത്തിയത്.
രാഖിയുടെ മൃതദേഹം കണ്ടെത്തിയ ജൂലായ് 24-വരെ മകൾ തിരിച്ചെത്തുമെന്ന വിശ്വാസത്തിലായിരുന്നു രാജൻ. ജൂൺ 21-ന് വീട്ടിൽനിന്നു പോകുമ്പോൾ രാഖി സന്തോഷവതിയായിരുന്നു. രാഖി എറണാകുളത്ത് എത്തിയശേഷം വീട്ടുകാരെ വിളിക്കാത്തതാണ് സംശയത്തിന് ഇടനൽകിയത്.
താൻ ജൂലായ് ആറിനാണു മകളെ കാണാനില്ലെന്നു കാണിച്ച് പൂവാർ പോലീസിൽ പരാതി നൽകിയതെന്ന് രാജൻ പറയുന്നു. ആദ്യഘട്ടത്തിൽ പോലീസ് കാര്യമായി അന്വേഷിച്ചില്ല. തുടർന്ന് ഹേബിയസ് കോർപ്പസ് ഹർജി ഫയൽചെയ്തു. തുടർന്നാണ് അന്വേഷണം ഊർജിതമായതെന്നും രാജൻ പറഞ്ഞു.
രാഖി വീട്ടിൽനിന്നുപോയശേഷം വീട്ടിലെ ആരെയും ഫോണിൽ വിളിച്ചില്ല. കൂടാതെ വാട്സാപ്പും 21-നുശേഷം ഉപയോഗിച്ചതായി കണ്ടില്ലെന്ന് ബന്ധുക്കളും കൂട്ടുകാരും പറഞ്ഞു. ഇതിനിടെ രാഖിയുടെ ഫോണിൽനിന്ന് കോൾ വന്നെങ്കിലും മറുതലയ്ക്കൽനിന്ന് സംസാരം ഉണ്ടായില്ല. ഇതും സംശയമുണ്ടാക്കി.
എറണാകുളത്തെ കമ്പനിയിൽ അന്വേഷിച്ചപ്പോൾ അവിടെയെത്തിയില്ല എന്നറിഞ്ഞു. പിന്നീടാണ് പോലീസിൽ പരാതിയുമായി എത്തിയത്. അന്വേഷിക്കുന്നു എന്ന മറുപടിയാണ് പോലീസിൽനിന്നു ലഭിച്ചത്. തുടർന്നാണ് ഹർജി നൽകിയത്.
Comments