Uncategorized

രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും; തീരുമാനമായില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം

ഇടുക്കി: പീരുമേട് കസ്റ്റഡി മര്‍ദനത്തില്‍ മരിച്ച രാജ്കുമാറിന്റെ കുടുംബം ഇന്നു മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരമിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

 

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കുടുംബാംഗങ്ങള്‍ അറിയിച്ചു. കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരേ ക്രിമിനല്‍ക്കേസ് എടുക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കുമാര്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ഉരുട്ടലിനു വിധേയനായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ന്യൂമോണിയയാണു മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആഹാരവും വെള്ളവും ലഭിക്കാതെയുള്ള ക്രൂരമര്‍ദ്ദനം ന്യുമോണിയയിലേക്കു നയിക്കുമെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്കുമാറിന്റെ തുടയിലും കാല്‍വെള്ളയിലും മുറിവുകളും ചതവുകളും അടക്കം 22 പരിക്കുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇവയില്‍ 15 എണ്ണം മുറിവുകളാണ് ബാക്കിയുള്ളവ ചതവുകളും. തുടമുതല്‍ കാല്‍പാദം വരെയുള്ള ഭാഗത്ത് അസ്വാഭാവികമായ നാല് വലിയ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വിരലുകള്‍ക്കും പരിക്കേറ്റു.
തുടയുടെ പിന്‍ ഭാഗത്താണ് ചതവുകളുള്ളതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴോളം ചതവുകളുണ്ട്. കൂടാതെ, നാല് വാരിയെല്ലുകള്‍ക്കും പൊട്ടലേറ്റിട്ടുണ്ട്.
മര്‍ദ്ദനം കൈകൊണ്ടല്ല പകരം മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ടുള്ളുള്ളതാണ്. അരയ്ക്ക് കീഴ്‌പോട്ടുള്ള ചതവുകളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂടുതലായും വ്യക്തമാവുന്നത്. അതിനിടെ രാജ്കുമാറിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചിട്ടുണ്ടാവാം എന്ന വാദം പൊലീസ് ഉന്നയിച്ചിരുന്നു. എന്നാല്‍, നാട്ടുകാര്‍ മര്‍ദ്ദിച്ചതായിരുന്നെങ്കില്‍ അരയ്ക്ക് മുകളിലാണ് പരിക്കുകള്‍ ഉണ്ടാവാന്‍ സാധ്യതയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
രാജ്കുമാറിനെ പതിനെട്ടാം തിയതി രാവിലെയാണ് പീരമേട് സബ് ജയിലില്‍ നിന്ന് തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അന്ന് പരിശോധിച്ച ഡോക്ടര്‍ മരുന്ന് കഴിച്ച് കുറവില്ലെങ്കില്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞെന്നായിരുന്നു ജയില്‍ സൂപ്രണ്ട് പറഞ്ഞത്.
കേസ് അട്ടിമറിക്കാന്‍ പൊലീസ് സംഘടിതമായി ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകളും പുറത്തുവന്നിരുന്നു. കുറ്റകൃത്യം മറയ്ക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലെ രേഖകളില്‍ തിരുത്തല്‍ വരുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജ് കുമാറിന് ജൂണ്‍ 13ന് ജാമ്യം നല്‍കിയെന്നും ഇയാളെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസാണെന്നും പൊലീസ് പറയുന്നത്. എന്നാല്‍, രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകള്‍ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button