രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്ത് സ്വർണം പിടികൂടിയ സംസ്ഥാനമായി കേരളം

രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്ത് സ്വർണം പിടികൂടിയ സംസ്ഥാനമായി കേരളം മാറി. ഈ വർഷം നവംബർ വരെയുള്ള റിപ്പോർട്ട്‌ പ്രകാരം 690 കിലോ സ്വർണമാണ് കേരളത്തിൽ നിന്ന് മാത്രം പിടികൂടിയത്.  2021 ൽ 587 കിലോയും 2020 ൽ 406 കിലോയും 2019ൽ 725 കിലോയും പിടിച്ചെടുത്തിരുന്നു. കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പാർലമെന്റിനെ അറിയിച്ചത്. 

നവംബർ വരെ രാജ്യത്താകെ 3,083 കിലോ കള്ളക്കടത്തു സ്വർണം പിടിച്ചെടുത്തു. കഴിഞ്ഞ വർഷം 2,383 കിലോ സ്വർണവും 2020ൽ 2,154 കിലോ സ്വർണവും 2019ൽ 3,673 കിലോ സ്വർണവുമാണ് പിടിച്ചെടുത്തത്. ഈ വർഷം ഇതുവരെ റജിസ്റ്റർ ചെയ്തത് 3,588 കേസാണ്.

കേരളത്തിന് പിന്നിൽ ഉയർന്ന തോതിൽ കള്ളക്കടത്ത് സ്വർണം പിടികൂടിയ സംസ്ഥാനം മഹാരാഷ്ട്രയാണ്. 474 കിലോയാണ് മഹാരാഷ്ട്രയിൽ പിടികൂടിയത്. തമിഴ്നാട് (440 കിലോ), ബംഗാൾ (369 കിലോ) എന്നീ സംസ്ഥാനങ്ങൾ തൊട്ട് പിന്നിലായുണ്ട്.

സ്വർണക്കള്ളക്കടത്തിൽ കഴിഞ്ഞ മൂന്നു വർഷമായി മൂന്ന് കേസുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കള്ളക്കടത്ത് തടയാൻ സർക്കാർ കർശന നടപടികൾ സ്വീകരിച്ചുവരുന്നതായും മന്ത്രി അറിയിച്ചു. 

Comments

COMMENTS

error: Content is protected !!