LATESTMAIN HEADLINESSPECIAL

രാജ്യദ്രോഹ നിയമം. ബ്രിട്ടീഷ് അവശിഷ്ടം തുടരണോ എന്ന് സുപ്രീം കോടതി

ബ്രിട്ടീഷ്‌ കാലത്തിന്റെ അവശിഷ്ടമായ രാജ്യദ്രോഹനിയമം ഇനിയും തുടരേണ്ട കാര്യമുണ്ടോയെന്ന്‌ സുപ്രീംകോടതി ആരാഞ്ഞു. രാജ്യദ്രോഹത്തിന്‌ ചുമത്താറുള്ള 124 എ വകുപ്പിന്റെ നിയമസാധുത ചോദ്യംചെയ്‌ത്‌ റിട്ട. മേജർജനറൽ എസ്‌ ജി വോംബട്ട്‌കെറെ സമർപ്പിച്ച ഹർജി പരിഗണിച്ചാണ്‌ ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.

‘സ്വാതന്ത്ര്യം ലഭിച്ച്‌ 75 വർഷമാകുന്നു. കൊളോണിയൽ കാലത്തിന്റെ ഉൽപ്പന്നമായ രാജ്യദ്രോഹനിയമം ഇനിയും നിലനിർത്തേണ്ട കാര്യമുണ്ടോയെന്ന്‌ ഗൗരവത്തോടെ പരിശോധിക്കണം എന്നും ’–- സുപ്രീംകോടതി കേന്ദ്രസർക്കാരിനോട്‌ നിർദേശിച്ചു.

സ്വാതന്ത്ര്യസമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ആയുധമാക്കിയിരുന്നത്‌ രാജ്യദ്രോഹനിയമമാണെന്ന്‌ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു.

മഹാത്മാഗാന്ധിയെയും ബാലഗംഗാധര തിലകനേയും  നിശബ്‌ദരാക്കാൻ ഇതേ നിയമമാണ്‌ ഉപയോഗിച്ചത്‌. സ്വാതന്ത്രം ലഭിച്ച്‌ 75 വർഷമാകുന്ന അവസരത്തിലും ഇത്തരം നിയമങ്ങൾ തുടരുന്നത്‌ ദൗർഭാഗ്യകരമാണ്‌.

കാലഹരണപ്പെട്ട പല നിയമങ്ങളും സർക്കാർ മുമ്പ്‌ റദ്ദാക്കിയിട്ടുണ്ട്‌. ഈ നിയമത്തിന്റെ കാര്യത്തിൽ അവർ ഇടപെടാത്തത്‌ എന്തുകൊണ്ടാണെന്ന്‌ മനസിലാകുന്നില്ല ’–- ചീഫ്‌ജസ്‌റ്റിസ്‌ നിരീക്ഷിച്ചു.

രാജ്യദ്രോഹനിയമം അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്താൻ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ചീഫ്‌ജസ്‌റ്റിസ്‌ പറഞ്ഞു.

‘ചരിത്രം പരിശോധിച്ചാൽ രാജ്യദ്രോഹനിയമത്തിന്റെ വിശാലമായ അധികാരങ്ങൾ അധികൃതർ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന വസ്‌തുത വ്യക്തമാകും.

ഒരു മരം മുറിക്കാൻ  കൊടുത്ത ഈർച്ചവാൾ ഉപയോഗിച്ച്‌ ആശാരി കാട്ടിലെ മുഴുവൻ മരങ്ങളും മുറിച്ചുകളയുന്നത്‌ പോലെയാണ്‌ ഇത്‌.

ഏതെങ്കിലും സർക്കാരിനോ പാർടിക്കോ അപ്രിയമായ കാര്യങ്ങൾ പറയുന്നവർക്ക്‌ എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഭയാനകമായ സാഹചര്യമാണ്‌ ’–-

രാജ്യദ്രോഹനിയമം മുഴുവൻ റദ്ദാക്കരുതെന്നും അത്‌ പ്രയോഗിക്കുന്നതിന്‌ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും കേന്ദ്രസർക്കാരിന്‌ വേണ്ടി അറ്റോണിജനറൽ കെ കെ വേണുഗോപാൽ വാദിച്ചു. ഇതുൾപ്പടെയുള്ള കാര്യങ്ങൾ കോടതി പരിശോധിക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ പ്രതികരിച്ചു.

ഹർജിയിൽ കേന്ദ്രസർക്കാരിന്‌ നോട്ടീസ്‌ അയക്കാൻ കോടതി നിർദേശിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button