കോടികൾ കടം വാങ്ങിയുണ്ടാക്കിയ പശ്ചാത്തല വികസനം ശ്രീലങ്കയെ ഇരുട്ടിലാക്കി; കേരളവും സഞ്ചരിക്കുന്നത് ഇതേ വഴിയിലാണോ?

ശ്രീലങ്കയിലെ സംഭവ വികാസങ്ങൾ വരാനിരിക്കുന്ന കേരളത്തിനുള്ള മുന്നറിയിപ്പായി കാണണമെന്ന് സാമ്പത്തിക വിദഗ്ധർ. ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിക്കാതെ കടം വാങ്ങി പശ്ചാത്തല സൗകര്യവികസനവും ടൂറിസവുമൊക്കെ വികസിപ്പിച്ചത് കൊണ്ടുമാത്രം ഒരു രാജ്യത്തിന് നിലനിൽക്കാനാവില്ല എന്ന യാഥാർത്ഥ്യമാണ് ഇന്നത്തെ ശ്രീലങ്ക ലോകത്തിന് മുമ്പിൽ വിളംബരം ചെയ്യുന്നത്.
അതിരൂക്ഷമാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി. ഇന്ധനം കിട്ടാതെ വൈദ്യുത നിലയങ്ങള്‍ അടച്ചതോടെ രാജ്യം സമ്പൂർണ്ണമായ ഇരുട്ടിലാണ്. കൊളംബോയിലടക്കം ദിവസവും അഞ്ചുമണിക്കൂര്‍ വീതം പവര്‍ കട്ടാണിപ്പോൾ. ഔദ്യോഗികമായി പവർകട്ട് ഇല്ലാത്ത സമയത്തും വൈദ്യുതി കിട്ടുന്നില്ല. തുറമുഖങ്ങളും എയർ പോർട്ടുമൊക്കെ അടച്ചുപൂട്ടിയ അവസ്ഥയാണ്. കാർഷിക വിഭവങ്ങൾ ഇറക്കുമതി ചെയ്യാൻ പണമില്ലാതായതോടെ ഭക്ഷണം കിട്ടാതെ ജനങ്ങൾ നെട്ടോട്ടമോടുന്നു. അഭയാർത്ഥികളായി ഇന്ത്യയിലേക്ക് കടക്കുന്നവരുടെ സംഖ്യ കൂടുകയാണ്. അടുത്ത ദിവസങ്ങളിൽ തമിഴ്നാട് തീരം വഴി ഇന്ത്യയിലേക്ക് ശ്രീലങ്കൻ അഭയാർത്ഥികളുടെ പ്രവാഹം തന്നെയുണ്ടാകും എന്ന് ഇന്റലിജൻസ് വിഭാഗം തമഴ്നാട് സർക്കാരിനും ഇന്ത്യാഗവൺമെന്റിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പണമില്ലാതെ ഡീസൽ ഇറക്കുമതി പ്രതിസന്ധിയിലായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതോടെ വാഹനങ്ങൾ ഓടാതായി. ഇന്ധനക്ഷാമം രൂക്ഷമായതോടെ മറ്റെല്ലാ മേഖലയും നിശ്ചലമായി. കോവിഡ് വ്യാപനത്തോടെ മുഖ്യ വരുമാനമായ വിനോദസഞ്ചാര മേഖല നിശ്ചലമായി. ജനങ്ങൾക്ക് വരുമാനമില്ലാതായി. ടൂറിസ്റ്റ് കേന്ദ്രങ്ങളും ഹോട്ടലുകളും റിസോർട്ടുകളും ടാക്സികളുമൊക്കെ അടച്ചു. കൊറോണാക്കാലം കഴിഞ്ഞ് ടൂറിസ്റ്റുകളുടെ വരവ് ആരംഭിച്ചതോടെയാണ് ഡീസൽ ക്ഷാമം രൂക്ഷമായത്. ഡീസൽ പോലുള്ള ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നവയാണ് ഇവിടത്തെ മിക്കവാറും പവർസ്റ്റേഷനുകൾ. അവ പ്രവർത്തിക്കാതായതോടെ ടൂറിസ്റ്റുകൾക്ക് താമസിക്കാനും സഞ്ചരിക്കാനും ഒന്നും കഴിയാത്ത സ്ഥിതിയായി.
പാലുപോലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ശ്രീലങ്ക. വിനോദ സഞ്ചാരികൾക്ക് പാലൊഴിച്ച ചായ നൽകാൻ പോലും കഴിയാതായതോടെ ടൂറിസ്റ്റ് വ്യവസായം സമ്പൂർണ്ണ തകർച്ചയിലെത്തി. പത്രങ്ങളും ടെലിവിഷൻ കേന്ദ്രങ്ങളുമൊക്കെ അടച്ചുപൂട്ടാൻ തുടങ്ങി. താൽക്കാലികമായെങ്കിലും പിടിച്ചു നിൽകണമെങ്കിൽ ഭക്ഷണമുണ്ടാക്കുന്ന ധാന്യങ്ങളോ കാർഷിക ഉല്പന്നങ്ങളോ വേണം. അത്തരം കൃഷികളൊക്കെ കുറവാണ് ശ്രീലങ്കയിൽ. ഉണ്ടായിരുന്നവ തന്നെ ടൂറിസ്റ്റുകളെ ആകർഷിക്കാൻ കഴിയും വിധം ജൈവ കൃഷിയാക്കി മാറ്റാൻ തീരുമാനിച്ചതോടെ കാർഷികോല്പാദനം തുലോം കുറഞ്ഞു. കൃഷി പ്രധാനമായും തേയിലയാണ്. അത് ഭക്ഷിച്ച് ജീവിക്കാനാവില്ല. അന്താരാഷ്ട്ര മാർക്കറ്റിൽ തേയിലയുടെ വിലയിടിഞ്ഞതോടെ തേയില കയറ്റുമതിയും അതുവഴിയുള്ള വരുമാനവും നിലച്ചു. വ്യാവസായിക വികസനത്തിന് കാര്യമായ ഇടപെടലൊന്നും ശ്രീലങ്കൻ ഭരണാധികാരികൾ ഇതുവരെ ചെയ്തിരുന്നില്ല. പകരം എല്ലാം ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന സംസ്കാരമായിരുന്നു. അടുത്ത കാലം വരെ ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ വിഭവങ്ങളും ശ്രീലങ്കയിൽ ലഭിക്കുമായിരുന്നു. വിശേഷിച്ച് ചൈനീസ് വിഭവങ്ങൾ. വിലയിത്തിരി കൂടുമെങ്കിലും. ടൂറിസം ഒഴികെ മറ്റൊന്നിലും ജനങ്ങൾക്ക് താൽപ്പര്യമില്ല. കാർഷിക വ്യാവസായിക മേഖലകളിൽ കായികാധ്വാനം ചെയ്യാൻ ശ്രീലങ്കൻ ചെറുപ്പക്കാർ വിമുഖരാണ്. മറുനാടൻ തൊഴിലാളികളാണ് കായികാധ്വാനത്തിലേർപ്പെട്ടിരുന്നത്. വരുമാനമില്ലാതായാതോടെ അവരും പണി നിർത്തി സ്ഥലം വിട്ടു.
കൊളംബോ നഗരത്തിന്റെയും ഇന്ധന വിതരണ കേന്ദ്രങ്ങളുടെയും നിയന്ത്രണം പട്ടാളം ഏറ്റെടുത്തു. അതിനിടെ അഭയാര്‍ഥി പ്രവാഹമുണ്ടാകുമെന്ന സൂചനകളെ തുടര്‍ന്നു പാക്ക് കടലിടുക്കില്‍ ഇന്ത്യ നിരീക്ഷണം ശക്തമാക്കി. പൂര്‍ണമായി ഇറക്കുമതിയെ ആശ്രയിക്കുന്ന ദ്വീപ് രാജ്യത്ത് തൊട്ടതിനും പിടിച്ചതിനുമെല്ലാം തീ വിലയാകുകയാണിപ്പോൾ. മണിക്കൂറുകള്‍ വരി നിന്നാലും പെട്രോളും പാചക വാതകവും ഭക്ഷ്യവിഭവങ്ങളും കിട്ടാനില്ല.
കൊളംബോ തുറമുഖത്ത് ഇന്ത്യയിൽ നിന്നെത്തിയ 1500 കണ്ടെയ്നര്‍ ഭക്ഷണ വസ്തുക്കള്‍ കപ്പലില്‍ നിന്ന് ഇറക്കാനായിട്ടില്ല. കടത്ത്കൂലി ഡോളറില്‍ വേണമെന്ന് കപ്പല്‍ കമ്പനികള്‍ വാശിപിടിക്കുകയാണ്. എന്നാല്‍ ഇന്ത്യ വായ്പയായി നല്‍കിയ രൂപ മാത്രമേ സര്‍ക്കാരിന്റെ കൈവശമുള്ളൂ. അവ രൂപയില്‍ തന്നെ വിനിമയം നടത്തണമെന്നാണു കരാര്‍. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്ക എങ്ങിനെ കരകയറും എന്ന് വ്യക്തമല്ല. ലോകരാഷ്ട്രങ്ങളുടെ സഹായം കാത്തിരിക്കയാണവർ. വിശേഷിച്ച് ചൈനയുടേയും ഇന്ത്യയുടെയും. ഇന്ത്യയുമായി വലിയ വിദേശവ്യാപാരമെന്നും ശ്രീലങ്കക്കില്ല. അവയൊക്കെ മിക്കവാറും ചൈനയുമായാണ്. ചൈനയുടെ പണവും അവരുടെ സാങ്കേതിക സഹായവും എഞ്ചിനീയർമാരും ജോലിക്കാരുമൊക്കെയാണ്. പശ്ചാത്തലവികസന മേഖലയിൽ പണിയെടുക്കുന്നവരാണ് വിമാനത്താവളങ്ങളും തുറമുഖങ്ങളുമൊക്കെ നിർമ്മിച്ചു നൽകിയത്.
അവയൊക്കെ ശ്രീലങ്കയ്ക്ക് തങ്ങളുടെ കൈയ്യിലൊതുക്കി കൊണ്ടുനടക്കാൻ പാകത്തിലുള്ളവയല്ല എന്ന വിമർശനവും ശക്തമാണ്. ഇവയെല്ലാം ചൈനയുടെ മൂലധന താല്പര്യങ്ങളനുസരിച്ച് പടുത്തുയർത്തപ്പെട്ടവയാണെന്നും ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്കയെ കൈ പിടിച്ചുയർത്താൻ അതു കൊണ്ടു തന്നെ ചൈനക്ക് ബാദ്ധ്യതയുണ്ടെന്നും അന്താരാഷ്ട സമൂഹം ആവശ്യപ്പെടുന്നത് ഇതു കൊണ്ടുകൂടിയാണ്. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര സമൂഹം എങ്ങിനെ ഇടപെടുന്നു എന്നതിനെ അനുസരിച്ചിരിക്കും ശ്രീലങ്കയുടെ ഭാവി.
കാർഷിക വ്യാവസായിക മേഖല അനുദിനം തകർന്നുകൊണ്ടിരിക്കുമ്പോഴും, കടം കൂടികൊണ്ടിരിക്കുമ്പോഴും വിദേശ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് കേരളത്തിന്റെ വാർഷിക ബഡ്ജറ്റിനേക്കാൾ ഭീമമായ തുക കടം വാങ്ങി, കെ റെയിൽ പോലുള്ള പശ്ചാത്തല വികസന പദ്ധതികൾ ഏറ്റെടുക്കുമ്പോൾ കേരളവും സഞ്ചരിക്കുന്നത് ശ്രീലങ്കയുടെ വഴിയിലാണ് എന്ന് മുന്നറിയിപ്പ് നൽകുകയാണ് ആസൂത്രണ വിദഗ്ധർ.
Comments

COMMENTS

error: Content is protected !!