രാഷ്ട്രീയക്കാരും കച്ചവടക്കാരുമല്ല, കവികളും കലാകാരൻമാരുമാണ് സാമൂഹ്യ നിർമ്മാണം നടത്തുന്നതെന്ന് സാമൂഹ്യവിമർശകനും എഴുത്തുകാരനുമായ കെ.ഇ.എൻ.കുഞ്ഞഹമ്മദ്
മേപ്പയ്യൂർ:രാഷ്ട്രീയക്കാരും കച്ചവടക്കാരുമല്ല, കവികളും കലാകാരൻമാരുമാണ് സാമൂഹ്യ നിർമ്മാണം നടത്തുന്നതെന്ന് സാമൂഹ്യവിമർശകനും എഴുത്തുകാരനുമായ കെ.ഇ.എൻ.കുഞ്ഞഹമ്മദ്.ആനന്ദകുമാരസ്വാമിയെ ഉദ്ധരിച്ചു കൊണ്ടാണ് അദ്ദേഹമത് പറഞ്ഞത്. പുരോഗമന കലാസാഹിത്യ സംഘം മേപ്പയ്യൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച രാമദാസ് നാഗപ്പള്ളിയുടെ “ഇടവഴി” കവിതാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയത എന്നത് ഒഴിച്ചു നിർത്തലല്ല, ചേർത്തു പിടിക്കലാണ്.ഇന്നു നമ്മുടെ ജീവിതത്തിന് മേൽ ആധിപത്യം സ്ഥാപിച്ചിട്ടുള്ളത് സങ്കുചിതമായ ദേശീയതയാണ്.അത് അപര വിദ്വേഷത്തിൻ്റെ വെറുപ്പ് ഉൽപ്പാദിപ്പിക്കുകയാണ്. കോർപ്പറേറ്റ് മൂലധനം ലോകത്തെ ഏക മാത്രയിലേക്ക് രൂപപ്പെടുത്താൻ ശ്രമിക്കുകയാണ്. കോർപ്പറേറ്റ് ഭീകരതയിൽ വൈവിധ്യങ്ങൾക്ക് പ്രസക്തിയില്ല. അത് ബഹുസ്വരതയുടെ നിഷേധമാണ് എന്നും കെ.ഇ.എൻ പറഞ്ഞു.പ്രശസ്ത കവി ഡോ.സോമൻ കടലൂരിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
കെ. രതീഷ് അധ്യക്ഷത വഹിച്ചു.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി .രാജൻ, ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ, കെ.കുഞ്ഞിരാമൻ, കെ.രാജീവൻ, പി.കെ.ഷിംജിത്ത് തുടങ്ങിയവർ സംസാരിച്ചു.