DISTRICT NEWS

രോഗങ്ങൾ മാത്രമല്ല, അമിതവണ്ണവും കുറയ്ക്കാം ഈ താലൂക്ക് ആശുപത്രിയിൽ എത്തിയാൽ

അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് താങ്ങാവുകയാണ് കുറ്റ്യാടി താലൂക്ക് ആശുപത്രി. ശരീരത്തിന്റെ തടികുറക്കുന്നതിനുള്ള ഒബേസിറ്റി ക്ലിനിക്ക് ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചു. സർക്കാർ മേഖലയിൽ ജില്ലയിലെ ആദ്യത്തെ ഒബേസിറ്റി ക്ലിനിക്കാണിത്. തിങ്കൾമുതൽ ശനിവരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 3.30 വരെയാണ് ക്ലിനിക്കിന്റെ പ്രവർത്തന സമയം. ആശുപത്രിയിലെ ജീവിതശൈലി രോഗവിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം. ഡോക്ടറുടെയും, ഡയറ്റീഷ്യൻ്റെയും, നഴ്സിൻ്റെയും സേവനം ക്ലിനിക്കിൽ ലഭ്യമാണ്‌.

അമിത വണ്ണം കുറയ്ക്കുന്നതിന് സഹായം തേടി ഒരാൾ ആശുപത്രിയിയിലെ ജീവിത ശൈലി രോഗ നിർണയ ക്ലിനിക്കിൽ വരികയും ആഴ്ചകൾകൊണ്ട് അവരുടെ തടി കുറയുകയും ചെയ്‌തതോടെ
ഇത് മനസിലാക്കി കൂടുതൽ പേർ ക്ലിനിക്കിൽ എത്തിയിരുന്നു. ഇതാണ് പിന്നീട് ഒബേസിറ്റി ക്ലിനിക്ക് ആരംഭിക്കാൻ പ്രചോദനമായതെന്ന് ഡയറ്റീഷ്യൻ ബിനി ആൻ്റണി പറഞ്ഞു.

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും, കുട്ടികളിൽ ഉൾപ്പെടെ ശരീര ഭാരം തീരെ ഇല്ലാത്തവർക്കും ഡോക്ടറുടെ നിർദേശപ്രകാരം തടിമെച്ചപ്പെടുത്തുന്നതിനും ക്ലിനിക്കിൻ്റെ സേവനം ഉപയോഗപ്പെ ടുത്താമെന്ന് ഡോക്ടർ അമൽജ്യോതി പറഞ്ഞു.

മികച്ച ആരോഗ്യകേന്ദ്രങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന കായകൽപ് പുരസ്‌കാരത്തിന് ഈ വർഷം കുറ്റ്യാടി താലൂക്ക് ആശുപത്രി അർഹത നേടിയിരുന്നു. ആശുപത്രിയിലെ ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് കായകൽപ്പ്
അവാർഡ് നൽകുന്നത്. ജില്ലയിലെ മികച്ച ജീവിതശൈലി രോഗ നിർണയ ക്ലിനിക്കായും ആശുപത്രിയിലെ ക്ലിനിക്കിനെ തിരഞ്ഞെടുത്തിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button