രോഗബാധിതനായി കിടപ്പിലായ മേപ്പയ്യൂരിലെ കോൺഗ്രസ് പ്രവർത്തകൻ പട്ടോറക്കൽ കുഞ്ഞിക്കണാരന് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് നവീകരിച്ച വീടിൻ്റെയും സമാഹരിച്ച ചികിത്സാ സഹായ നിധിയുടേയും ഉദ്ഘാടനം മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു
മേപ്പയ്യൂർ: കോൺഗ്രസ് ഇല്ലാതായാൽ ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിൻ്റെ സമ്പൂർണ്ണമായ തകർച്ചയാകുമെന്ന് മുൻ കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും ഭരണഘടനയിൽ എഴുതി ചേർത്ത കോൺഗ്രസിന് അത് സംരക്ഷിക്കാനുള്ള ചുമതലയുമുണ്ട്. ചരിത്രത്തിലെ വലിയ വെല്ലുവിളിയാണ് രാജ്യം ഇന്ന് നേരിടുന്നത്. കോൺഗ്രസ് ഒരു സംസ്കാരമാണെന്നും അവശത അനുഭവിക്കുന്നവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തുനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധിതനായി കിടപ്പിലായ മേപ്പയ്യൂരിലെ കോൺഗ്രസ് പ്രവർത്തകൻ പട്ടോറക്കൽ കുഞ്ഞിക്കണാരന് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് നവീകരിച്ച വീടിൻ്റെയും സമാഹരിച്ച ചികിത്സാ സഹായ നിധിയുടേയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത് അംഗം കാവിൽ പി മാധവൻ കോൺഗ്രസ് ജന്മദിന സന്ദേശം നൽകി. ഡി സി സി സെക്രട്ടറി ഇ അശോകൻ, മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, സുധാകരൻ പുതുക്കുളങ്ങര, ഗ്രാമപഞ്ചായത്ത് അംഗം ശ്രീ നിലയം വിജയൻ, സി പി നാരായണൻ, ഇ കെ മുഹമ്മദ് ബഷീർ, യു എൻ മോഹനൻ, റിഞ്ചുരാജ് എടവന, ആന്തേരി ഗോപാലകൃഷ്ണൻ, എം വി ചന്ദ്രൻ, കൂനിയത്ത് നാരായണൻ കിടാവ്, സി എം സുരേഷ് ബാബു, കെ എം ശ്യാമള, വി കെ.ബാബുരാജ് എന്നിവർ സംസാരിച്ചു.